
ബിജുമേനോനെയും പാർവതി തിരുവോത്തിനെയും നായകനും നായികയുമാക്കി പ്രശസ്ത ഛായാഗ്രഹകൻ സാനുജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്അസത്യം എന്ന് പേരിട്ടു.ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് മുംബയിൽ നിന്ന് നാട്ടിലേക്ക് വരുന്ന രണ്ട് ദമ്പതികളുടെ കഥയാണ് അസത്യം പറയുന്നത്. പാർവതി തിരുവോത്തും ഷറഫുദ്ദീനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലായിലെ ഒരു നാട്ടിൻപുറത്തുകാരന്റെ വേഷമാണ് ബിജുമേനോന്. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന താരം.മൂൺ ഷോട്ട്എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയും ഒ.പി.എം ഡ്രീം മില്ലും ചേർന്ന് നിർമ്മിക്കുന്ന അസത്യത്തിന്റെ ചിത്രീകരണം പാലായിലും പരിസരങ്ങളിലുമായാണ് പൂർത്തിയായത്.മേം മാധുരി ദീക്ഷിത്ത് ബൻ നാ ചാഹ്തി ഹൂം, കാർത്തിക്ക്കാളിംഗ് കാർത്തിക്ക്, ഡേവിഡ്, വിശ്വരൂപം തുടങ്ങി ഒട്ടേറെ ഹിന്ദി, തമിഴ് ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള സാൻ ജോൺ വർഗീസ് മലയാളത്തിൽ ഇലക്ട്ര, ടേക്ക് ഒഫ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാലിക്ക് തുടങ്ങിയ ചിത്രങ്ങളുടെയും കാമറാമാനാണ്. സംവിധായകനും എഡിറ്ററും തിരക്കഥാകൃത്തുമായ മഹേഷ് നാരായണൻ, കാമറാമാൻ ജി. ശ്രീനിവാസ് റെഡ്ഢി, സംഗീത സംവിധായകരായ നേഹ - യാസിൻ പെരേര, സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, കലാസംവിധായകൻ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ സമീറാ സനീഷ്, മേയ്ക്കപ്പ്മാൻ രഞ്ജിത്ത് അമ്പാടി തുടങ്ങിയ മുൻനിര സാങ്കേതിക വിദഗ്ദ്ധരാണ് അസത്യത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്.