
ഫാ. തോമസ് കോട്ടൂർ, സിസ‍്റ്റർ സെഫി എന്നിവരാണ് അഭയ കേസിൽ യഥാക്രമം ഒന്നും മൂന്നും പ്രതികൾ. തെളിവുകളില്ലാത്തതിനാൽ വിട്ടയച്ച ഫാ. ജോസ് പൂതൃക്കയിൽ, തെളിവ് നശിപ്പിച്ചതിന്റെ പേരിൽ കേസിൽ പ്രതിയാവുകയും, അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്യുകയും ചെയ്ത മുൻ എ.എസ്.ഐ വി.വി അഗസ്റ്റിൻ എന്നിവരെ കുറ്രപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒരു വർഷത്തോളം നീണ്ട വിചാരണ
ഒരു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് അഭയ കേസിൽ നാളത്തെ വിധിപ്രഖ്യാപനം. 49 പേരെ സാക്ഷികളായി വിസ്തരിച്ചു. വിവിധ ഘട്ടങ്ങളിലായി എട്ടു പേർ കൂറുമാറിയെന്ന് സി.ബി.ഐ പബ്ലിക് പ്രോസിക്യൂട്ടർ എം. നവാസ് പറഞ്ഞു. സിസ്റ്റർ അഭയയുടെ ചെരിപ്പുകൾ അടുക്കളയിൽ വിവിധ സ്ഥലങ്ങളിലായിരുന്നെന്നും, ശിരോവസ്ത്രം തറയിൽ വീണു കിടക്കുന്ന രീതിയിൽ കണ്ടുവെന്നുമും മൊഴി നൽകിയ കന്യാസ്ത്രീകളും അടുക്കള ജീവനക്കാരികളും ഇതിൽ ഉൾപ്പെടും.
കള്ളന്റെ മൊഴി
സിനിമയെ വെല്ലുന്ന ടിസ്റ്റായിരുന്നു അഭയ കേസിന് അടയ്ക്കാ രാജുവെന്ന കള്ളന്റെ മൊഴി നൽകിയത്. മോഷണത്തിനായി സംഭവ ദിവസം രാത്രി മഠത്തിൽ കയറിയ താൻ, മഠത്തിന്റെ ഗോവണിയിൽ രണ്ടു പുരുഷന്മാരെ കണ്ടിരുന്നെന്നും അതിലൊന്ന് ഫാ. തോമസ് കോട്ടൂർ ആയിരുന്നു എന്നുമാണ് രാജു മൊഴി നൽകിയത്. അന്ന് മോഷണം നടത്താതെ തിരിച്ചുപോയെന്നും, പിറ്റേന്നു രാവിലെ മഠത്തിനു പുറത്ത് പൊലീസിനെയും ഫയർഫോഴ്സിനെയും കണ്ടപ്പോഴാണ് അഭയയുടെ മരണം അറിഞ്ഞതെന്നും അടയ്ക്കാ രാജു മൊഴി നൽകി.
രാജുവിന്റെ മൊഴിയാണ് ആത്മഹത്യയായി അവസാനിക്കേണ്ടിയിരുന്ന അഭയ കേസിന് പുതിയ മാനം നൽകിയത്. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഭാഗത്തു നിന്ന് സമ്മർദ്ദമുണ്ടായപ്പോഴും രാജു മൊഴി മാറ്റാൻ തയ്യാറായിരുന്നില്ല. അവസാന വിചാരണയിലും രാജു തന്റെ വാക്കുകളിൽ ഉറച്ചുനിന്നു.
സിസ്റ്റർ സെഫിയുമായി ബന്ധമുണ്ടായിരുന്നെന്ന് ഫാ. തോമസ് കോട്ടൂർ തന്നോട് സമ്മതിച്ചിരുന്നതായി കോടതിയിൽ പറഞ്ഞ കളർകോട് വേണുഗോപാലും അവസാന നിമിഷം വരെ മൊഴി മാറ്റിയില്ല. സഭയുടെ മാനം കാക്കാൻ പൊതുപ്രവർത്തകനെന്ന നിലയിൽ കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് തന്നെ കോട്ടയം ബിഷപ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും പണം വാഗ്ദാനം ചെയ്‌തെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു.
ഫോറൻസിക് വിദഗ്ദ്ധർ, സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വച്ചുപിടിപ്പിച്ചതാണെന്ന് റിപ്പോർട്ട് നൽകിയ ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ.രമ, ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും കേസിൽ സാക്ഷികളാണ്. അഭയ മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പ്. ശിരോവസ്ത്രം തുടങ്ങിയവ അടങ്ങുന്ന തൊണ്ടിമുതലുകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നശിപ്പിച്ചതിനാൽ കേസിൽ തൊണ്ടിമുതലുകളില്ലെന്ന് എം. നവാസ് പറഞ്ഞു.