തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ രംഗത്തെ തുടർ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ സംരംഭമായ ജെൻഡർ പാർക്ക് യു.എൻ വിമണുമായി സഹകരിക്കും. ഇതിനായുള്ള ധാരണാ പത്രത്തിൽ ജെൻഡർപാർക്കും യു.എൻ വിമണും നാളെ ഒപ്പിടും. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ക്ലിഫ് ഹൗസിൽ വൈകിട്ട് മൂന്നിനാണ് ഒപ്പിടുന്നത്. തെക്കൻ ഏഷ്യയിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കുള്ള ഹബ് ആയി ജെൻഡർ പാർക്കിനെ മാറ്റുകയാണ് ലക്ഷ്യം. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യു.എൻ വിമൺ ആഗോള സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ്.

ജെൻ‌ഡർ പാർക്ക് സി.ഇ.ഒ പി.ടി.എം സുനീഷും യു.എൻ വിമൺ പ്രതിനിധി നിഷ്ത സത്യവും ആണ് ധാരണ പത്രത്തിൽ ഒപ്പിടുക. മന്ത്രി കെ.കെ.ശൈലജയും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും പങ്കെടുക്കും.

ജെൻഡർ പാർക്കിന്റെ കോഴിക്കോട് കേന്ദ്രത്തിൽ ജെൻഡർ ഡേറ്ര് സെന്റർ ആരംഭിക്കും. ലിംഗ സമത്വത്തിനായി ഗവേഷണം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ യു.എൻ വിമൺ പിന്തുണ നൽകും.

2013 ലാണ് ജെൻഡർ പാർക്കിന് വേണ്ടിയുള്ള പ്രവർത്തനം കോഴിക്കോട്ട് തുടങ്ങിയത്. ഇപ്പോൾ ട്രാൻസ്ജെൻഡർ പോളിസി തയ്യാറാക്കൽ തുടങ്ങി അക്കാഡമിക് പ്രവർത്തനം മാത്രമാണ് ജെൻ‌ഡർ പാർക്ക് നടത്തുന്നത്. ഷീ ടാക്സിയാണ് ജെൻ‌ഡർ പാർക്ക് തുടങ്ങിയ മറ്രൊരു പദ്ധതി.