
തിരുവനന്തപുരം: പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകൾ സിലബസ് ചുരുക്കി നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ശരാശരി 40 ശതമാനം പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. വിക്ടേഴ്‌സ് ചാനൽ വഴി കൂടുതൽ ക്ലാസുകൾ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഇനി അദ്ധ്യയനത്തിനായുള്ളത് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ്. ഈ വസ്തുത ഉൾക്കൊള്ളാതെയാണ് സിലബസ് ചുരുക്കില്ലെന്ന നിലപാട് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ഇത് വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും ആശങ്കയിലാക്കുന്നതാണ്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ കുറച്ചുകൂടി പക്വമായ സമീപനമാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.