varkkala

വർക്കല: വർക്കലയിലെ ആഭ്യന്തരവകുപ്പ് വക ഭൂമി ഇന്ന് പാമ്പ് വളർത്തൽ കേന്ദ്രമായിട്ട് കാലങ്ങളായി. വർക്കല താലൂക്ക് ഓഫീസിനും കോടതിക്കും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ഭൂമിയാണ് വർഷങ്ങളായി കാടുമൂടിക്കിടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഇവിടത്തെ പൊലീസുകാർക്ക് താമസിക്കാൻ 20ഓളം ക്വാർട്ടേഴ്സുകൾ പണികഴിപ്പിച്ചിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ അവയൊന്നും താമസിക്കാൻ കഴിയാത്ത വിധം ജീർണാവസ്ഥയിലായി. ഓട് മേഞ്ഞ കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് മേൽക്കൂര തകർന്ന് താഴെവീഴുകയാണ്. ഇതോടെ ഇവിടെ താമസിക്കാൻ കഴിയാതെ വരികയും പ്രദേശം കാടുമൂടുകയുമായിരുന്നു. ജനവാസമില്ലാതെ വന്നതോടെ ഇവിടം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി .

കെട്ടിടം ജീർണാവസ്ഥയിലായതോടെ ആഭ്യന്തരവകുപ്പിന്റെ ഭൂമിയിൽ തന്നെ മറ്റൊരു ക്വാർട്ടേഴ്സ് നിർമ്മിച്ചിരുന്നു. എന്നാൽ ഇതിൽ നാമമാത്രമായ പൊലീസുകാർക്കേ താമസിക്കാൻ കഴിയുകയുള്ളു. ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്ന നിരവധി ഉദ്ധ്യോഗസ്ഥരാണ് ക്വാട്ടേഴ്സിന്റെ അഭാവം കാരണം ബുദ്ധിമുട്ടുന്നത്. ഈ സാഹചര്യം നിലനിൽക്കുമ്പോഴും കൂടുതൽ ക്വാർട്ടേഴ്സുകൾ നിർമ്മിക്കാനോ കാട് കയറിയ ഭൂമി വൃത്തിയാക്കാനോ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നതും പ്രതിഷേധം ഉയർത്തുന്നുണ്ട്.