
കിളിമാനൂർ: ഈ വർഷത്തെ ഒട്ടുമിക്ക ആഘോഷങ്ങളെയും കൊവിഡ് കവർന്നതോടെ, ക്രിസ്മസ് എങ്കിലും കൈപ്പിടിയിൽ ഒതുക്കാനുള്ള പരിശ്രമത്തിലാണ് കിളിമാനൂരിൽ വിപണി.
എന്തുതന്നെയായാലും ക്രിസ്മസിന് ഒഴിവാക്കാനാവാത്ത കേക്കിൽ പലവിധ പരീക്ഷണങ്ങൾ ഇക്കുറി രംഗത്തെത്തുമെന്നുറപ്പ്. എല്ലാ ബേക്കറികളും സൂപ്പർമാർക്കറ്റുകളും കേക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാധാരണ പ്ലം കേക്കുകളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ഫ്ലേവറുകൾ വിപണിയിലിറക്കാനുള്ള തീവ്രശ്രമത്തിലാണ് കേക്ക് നിർമാതാക്കൾ.
കുടുംബശ്രീ, ഹോം മെയ്ഡ് കേക്കുകളും വിപണിയിൽ എത്തുന്നുണ്ട്. സ്വന്തമായി ഓൺലൈനിലൂടെ കേക്കുകൾ വില്പനയ്ക്ക് വച്ചിരിക്കുന്നവരും ഏറെ.
സ്പെഷ്യൽ കേക്കുകൾക്ക് മുൻകൂർ ഓർഡർ നൽകണം. കോഫി കേക്ക്, ബട്ടർ സ്കോച്ച്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ഗ്രീൻ ആപ്പിൾ തുടങ്ങിയ ഫ്ലവറുകൾക്കും ആവശ്യക്കാർ ഏറെയാണ്. അരക്കിലോ മുതൽ 7 കിലോ വരെയുള്ള കേക്കുകളാണ് വിപണിയിലുള്ളത്.