
കിളിമാനൂർ: ഈ വർഷത്തെ ഒട്ടുമിക്ക ആഘോഷങ്ങളെയും കൊവിഡ് കവർന്നതോടെ, ക്രിസ്മസ് എങ്കിലും കൈപ്പിടിയിൽ ഒതുക്കാനുള്ള പരിശ്രമത്തിലാണ് കിളിമാനൂരിൽ വിപണി.
എന്തുതന്നെയായാലും ക്രിസ്മസിന് ഒഴിവാക്കാനാവാത്ത കേക്കിൽ പലവിധ പരീക്ഷണങ്ങൾ ഇക്കുറി രംഗത്തെത്തുമെന്നുറപ്പ്. എല്ലാ ബേക്കറികളും സൂപ്പർമാർക്കറ്റുകളും കേക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാധാരണ പ്ലം കേക്കുകളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ഫ്ലേവറുകൾ വിപണിയിലിറക്കാനുള്ള തീവ്രശ്രമത്തിലാണ് കേക്ക് നിർമാതാക്കൾ.
കുടുംബശ്രീ, ഹോം മെയ്ഡ് കേക്കുകളും വിപണിയിൽ എത്തുന്നുണ്ട്. സ്വന്തമായി ഓൺലൈനിലൂടെ കേക്കുകൾ വില്പനയ്ക്ക് വച്ചിരിക്കുന്നവരും ഏറെ.
സ്പെഷ്യൽ കേക്കുകൾക്ക് മുൻകൂർ ഓർഡർ നൽകണം. കോഫി കേക്ക്, ബട്ടർ സ്കോച്ച്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ഗ്രീൻ ആപ്പിൾ തുടങ്ങിയ ഫ്ലവറുകൾക്കും ആവശ്യക്കാർ ഏറെയാണ്. അരക്കിലോ മുതൽ 7 കിലോ വരെയുള്ള കേക്കുകളാണ് വിപണിയിലുള്ളത്.
വില - കിലോയ്ക്ക് 500 മുതൽ 5000 രൂപ വരെ
പ്രതീക്ഷയില്ല
മുൻവർഷങ്ങളെ പോലെ വലിയ പ്രതീക്ഷ ഇക്കുറി വ്യാപാരികൾക്കില്ല. റസിഡന്റ്സ് അസോസിയേഷനുകൾ, സ്കൂളുകൾ, കോളേജുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഡിസംബർ രണ്ടാം വാരം മുതൽ ആഘോഷങ്ങൾ ആരംഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ ഈ കച്ചവടം നഷ്ടമായി. ഓർഡർ അനുസരിച്ച് മണിക്കൂറുകൾകൊണ്ട് കേക്ക് ഉണ്ടാക്കി നൽകുന്ന ബേക്കറികളുണ്ട്.
വെറെെറ്റി ഉണ്ട്
ചോക്ലേറ്റ് കേക്ക്, ഡേറ്റ്സ് കേക്ക്, ബനാന കേക്ക്, വാൾനട്ട് കേക്ക്, ഫ്രൂട്ടി കേക്ക്, കോഫി കേക്ക്, വാനില പഞ്ച് കേക്ക് എന്നിവയാണ് ക്രീം കേക്കുകളുടെ വിപണിയിൽ പ്രധാനം. ബ്ലൂബെറി, ജർമൻ ബ്ലാക്ക് ഫോറസ്റ്റ്, പാഷൻ ഫ്രൂട്ട്, മിൽക്കിവേ കേക്ക്,ഫ്രഞ്ച് ബട്ടർ തുടങ്ങിയ ഫ്ലേവറുകളും വിപണി പിടിച്ചുകഴിഞ്ഞു.
കുട്ടികൾക്ക് പ്രത്യേകം
കുട്ടികൾക്ക് വേണ്ടി മിക്കിമൗസ്, ഡൊണാൾഡ് ഡക്ക്, ബാറ്റ്മാൻ, സൂപ്പർമാൻ, ഹീമാൻ, ദിനോസർ, ക്ലൌൺ എന്നിവയുടെ ആകൃതിയിൽ കേക്കുകളുണ്ട്. ഇവയ്ക്ക് വൻ ഡിമാൻഡാണെന്ന് ബേക്കറി ഉടമകൾ പറയുന്നു.
പ്രമേഹരോഗികളും വിഷമിക്കണ്ട
പ്രമേഹരോഗികൾക്കായി ഷുഗർഫ്രീ കേക്കുകളും റെഡി. രുചി വൈവിധ്യങ്ങൾ ക്രിസ്മസ് കാലത്ത് പ്ലം കേക്കിനാണ് ആവശ്യക്കാർ കൂടുതൽ. സാധാരണ പ്ലം കേക്കുകളെക്കാൾ വിലയും കൂടുതലാണ് പ്ലം വിത്ത് കോം പേസ്റ്റ്, റിച്ച് പ്ലം ചോക്കോ നട്ട്, റിച്ച് ഫ്രൂട്ട് കേക്ക്,പ്ലം വിത്ത് റോയൽ കേക്ക്, പ്ലം വിത്ത് ബട്ടർ കേക്ക് എന്നിവയ്ക്ക്. ഇത്തവണ ക്രിസ്മസ് കാലത്ത് കേക്ക് വിപണിയിൽ ബ്രാൻഡഡും ഹോം മെയ്ഡും തമ്മിലാണ് പ്രധാന മത്സരം.