
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പാഠം ഉൾക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന് സംഘടനയെ ശക്തമാക്കാനുള്ള പ്രക്രിയയിലേക്ക് കെ.പി.സി.സി കടക്കുമ്പോഴും നേതൃത്വത്തിനെതിരായ കടന്നാക്രമണവും ഒളിയമ്പുകളും തുടരുകയാണ്.
മുല്ലപ്പള്ളിക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താനും മുല്ലപ്പള്ളിക്കും ചെന്നിത്തലയ്‌ക്കും എതിരെ ടി.എച്ച്. മുസ്തഫയും രംഗത്തുവന്നു. കെ. സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്ന പോസ്റ്ററുകൾ ഇന്ദിരാഭവന് മുന്നിലടക്കം പ്രത്യക്ഷപ്പെട്ടു.
തിരുത്തൽ പ്രക്രിയയുടെ ഭാഗമായി ഇന്നലെ ഇന്ദിരാഭവനിൽ കൂടിയ കെ. പി.സി.സി സെക്രട്ടറിമാരുടെയും ജില്ലകളുടെ ചുമതലയുള്ള ജനറൽസെക്രട്ടറിമാരുടെയും യോഗത്തിൽ 140 നിയോജക മണ്ഡലങ്ങളുടെയും ചുമതലകൾ സെക്രട്ടറിമാർക്കും നിർവാഹകസമിതി അംഗങ്ങൾക്കും മുൻ ഡി.സി.സി പ്രസിഡന്റുമാർക്കുമായി വിഭജിച്ചു നൽകാൻ തീരുമാനിച്ചു.
സംഘടനാപ്രശ്നങ്ങൾ പരിഹരിക്കൽ, വോട്ടർപട്ടികയിൽ പേര് ചേർക്കൽ തുടങ്ങിയവയുടെ മേൽനോട്ടമാണ് ഇവരുടെ ദൗത്യം.
മണ്ഡലം, ബ്ലോക്ക്, വാർഡ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്‌മകൾ പരിഹരിക്കണം. പ്രവർത്തിക്കാത്ത കമ്മിറ്റികളെ നീക്കാനുള്ള റിപ്പോർട്ടുകൾ കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്ക് കൈമാറണം.
യോഗത്തിൽ നേതാക്കൾ മാത്രമേ സംസാരിച്ചുള്ളൂ. 23, 24, 26 തീയതികളിൽ ചേരുന്ന മാരത്തോൺ യോഗങ്ങളിൽ വിശദ ചർച്ച ആവാമെന്ന് നേതാക്കൾ അറിയിച്ചെങ്കിലും ചിലർ പ്രതിഷേധിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തോൽവിയുടെ ഉത്തരവാദിത്വമേറ്റത് ആത്മാർത്ഥമാണെങ്കിൽ അദ്ദേഹം മാറണമെന്നാണ് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ആദ്യം ആവശ്യപ്പെട്ടത്. വൈകിട്ട് നിലപാട് മയപ്പെടുത്തിയ അദ്ദേഹം, നേതാക്കൾ മാറിയത് കൊണ്ട് പാർട്ടി മാറില്ലെന്നും നയവും പരിപാടികളുമാണ് മാറേണ്ടതെന്നും വിശദീകരിച്ചു. ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന ഹസന്റെ പരാമർശം തിരിച്ചടിയായെന്നും ഘടകകക്ഷികൾ കോൺഗ്രസിനെതിരെ കുറുമുന്നണിയുണ്ടാക്കിയെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മാറണമെന്ന് മുൻ മന്ത്രി ടി.എച്ച്. മുസ്തഫയും ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ മാസങ്ങൾ മാത്രം ശേഷിക്കേ, നേതൃമാറ്റത്തിന് ഹൈക്കമാൻഡ് തയ്യാറാവില്ലെങ്കിലും 'കലാപ'ങ്ങൾ ഗൗരവമായാണ് കാണുന്നത്.
കാസർകോട് ലോക്‌സഭാമണ്ഡലത്തിലേക്ക് തന്നെ ഏറ്റവുമധികം പിന്തുണച്ച മുല്ലപ്പള്ളിക്കെതിരെ ഉണ്ണിത്താൻ തിരിഞ്ഞതിന് പിന്നിൽ മറ്റാരുടെയെങ്കിലും ചരടുവലിയുണ്ടോ എന്ന സംശയമുണ്ട്. ചെന്നിത്തലയ്ക്കെതിരെ വാളോങ്ങിയ മുസ്തഫയുടെ പ്രതികരണത്തിന് പ്രാധാന്യം കല്പിക്കുന്നില്ലെങ്കിലും അതിന് പിന്നിലും ചില കരുനീക്കങ്ങളുണ്ടെന്ന് ഐ ഗ്രൂപ്പ് സംശയിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം മാറിനിന്ന ഉമ്മൻ ചാണ്ടി അടുത്തിടെ സജീവമായത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നായകൻ ആരാവുമെന്ന് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുസ്തഫയുടേതടക്കം പ്രതികരണങ്ങളിൽ ചിലതെല്ലാം മണക്കുന്നുണ്ട്.
കെ. മുരളീധരനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്ന്, ലീഡറുടെ ഐ ഗ്രൂപ്പെന്ന വാട്സാപ്പ് കൂട്ടായ്‌മയിലൂടെ പ്രചരിക്കുന്നതും ചർച്ചയാണ്. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അനാവശ്യ ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
തിരഞ്ഞെടുപ്പ് തിരിച്ചടി: സി.പി.എം കാട്ടിയ ജാഗ്രത മാതൃകയാക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം കാണിച്ച ജാഗ്രതയാണ് ഇപ്പോഴത്തെ അവസരത്തിൽ കോൺഗ്രസും കാട്ടേണ്ടതെന്ന്, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാശാക്തീകരണം ലക്ഷ്യമിട്ട് കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത സെക്രട്ടറിമാരുടെ യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകളിലും തോറ്റപ്പോൾ മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ വിമർശനം നടത്താനല്ല, ന്യൂനതകൾ പരിഹരിച്ച് തിരിച്ചുവരാനാണ് സി.പി.എം ശ്രമിച്ചത്. ആ മാതൃകയാണ് നമ്മളും സ്വീകരിക്കേണ്ടത്. തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തെ വിമർശിക്കുന്നതിന് പകരം സി.പി.എം മാതൃകയിൽ പരിഹാരം കാണണം. ആരെയെങ്കിലും കുറ്റപ്പെടുത്തുകയല്ല വേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയെ നിസ്സാരമായി കാണുന്നില്ല. തോൽവിക്ക് താഴെത്തട്ട് മുതൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വെൽഫെയർ പാർട്ടി ബന്ധം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് സമയത്ത് താൻ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്ന് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ് പറഞ്ഞത്. വർഗീയശക്തികളുമായി കൂട്ടുകെട്ടില്ലെന്നത് പാർട്ടിയുടെ അഖിലേന്ത്യാതലത്തിലെ നിലപാടാണ്. അതിൽ മാറ്റമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സാങ്കേതികമായി വലിയ തിരിച്ചടിയില്ലെന്ന് പറയാമെങ്കിലും നമ്മളും പൊതുസമൂഹവും പ്രതീക്ഷിച്ച വിജയമുണ്ടായിട്ടില്ല. ന്യൂനതകളെല്ലാം പരിഹരിച്ച് പാർട്ടിയും മുന്നണിയും അധികാരത്തിൽ തിരിച്ചെത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏത് കുറ്റിച്ചൂലിനെ മത്സരിപ്പിച്ചാലും ജയിക്കാമെന്ന അവസ്ഥ മാറിയെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അപകടകരമായ അവസ്ഥയിലൂടെയാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞുള്ള തിരുത്തൽ വേണം. സ്ഥാനാർത്ഥിയുടെ മികവ് പ്രധാന ഘടകമാണ്. ഇന്നലെ ചർച്ചകളുണ്ടായില്ല. വിശദമായ യോഗം 23 മുതൽ തുടർച്ചയായി ചേരുമ്പോൾ ചർച്ചയാവാമെന്ന് നേതാക്കൾ യോഗത്തെ അറിയിച്ചു.
പരസ്യ പ്രസ്താവനകൾ വിലക്കി എ.ഐ.സി.സി
ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതാക്കൾ പരസ്പരം കുറ്റപ്പെടുത്തി വിവാദം സൃഷ്ടിക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോൺഗ്രസ് ഹൈക്കമാൻഡ് പരസ്യ പ്രസ്താവനകൾ വിലക്കി. ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ മുന്നറിയിപ്പ് നൽകി. എതിരാളികൾക്ക് ശക്തിപകരാനേ ഇത് ഇടയാക്കൂ. വിമർശനങ്ങൾ പാർട്ടി വേദികളിൽ ഉന്നയിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർക്കെതിരെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു.
സഹായത്തിന് എ.ഐ.സി.സി സെക്രട്ടറിമാർ
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കേരളത്തിലെ സംഘടനാചുമതലകൾ നിർവഹിക്കാൻ മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാരെക്കൂടി നിയമിച്ചു. നിലവിൽ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിന് പുറമേയാണിത്. തമിഴ്നാട്ടിൽ നിന്നുള്ള മുൻ എം.പി പി. വിശ്വനാഥൻ, കർണാടകയിലെ നേതാക്കളായ ഐവാൻ ഡിസൂസ, പി.വി മോഹൻ എന്നിവരെയാണ് നിയമിച്ചത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അസാമിലും മൂന്ന് സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ട്.