des19a

ആറ്റിങ്ങൽ: ആറ്റിങ്ങലിലും പരിസരത്തും ശനിയാഴ്ച രാവിലെ പത്തര മുതൽ വീശിയടിച്ച ശക്തമായ കാറ്റിൽ രണ്ടു വീടുകൾക്ക് ഭാഗികമായി നാശം സംഭവിച്ചു. മാർക്കറ്റ് റോഡിൽ രാജുവിന്റെ കാട്ടിൽ പുത്തൻവീടിന്റെ ഷീറ്റിട്ട മേൽക്കൂര പൂ‌ർണമായും ഇളകി പറന്ന് അടുത്ത പറമ്പിൽ പതിച്ചു. വീടിന്റെ അടുക്കള ഭാഗത്തെ ചുവരും തകർന്നു.
കുടുംബം മുഴുവൻ വീട്ടിനുള്ളിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം. വലിയ ശബ്ദം കേട്ട് എല്ലാപേരും പുറത്തേയ്ക്കിറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി.
വിവരം അറിഞ്ഞ് എത്തിയ തഹസിൽദാർ ആർ. മനോജും സംഘവും കുടുംബത്തെ സമീപത്തെ സ്കൂളിലേയ്ക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങാതിരുന്നതിനാൽ താല്ക്കാലികമായി ടാർപോളിൽ കൊണ്ട് മേൽക്കൂര കെട്ടി സംരക്ഷണം നൽകി.
കൊടുമത്ത് ബിന്ദുവിന്റെ തിരുവാതിര വീടിന്റെ പുറത്തേയ്ക്ക് തെങ്ങ് വീണ് വീട് തകർന്നു. അടുക്കളയും കുളിമുറിയും പാടേ തകർന്നു. ഫയർ ഫോഴ്സ് എത്തി തെങ്ങ് മുറിച്ചു മാറ്റുകയായിരുന്നു.
ചുഴലികാറ്റുപോലെ അടിച്ച കാറ്റിൽ പലയിടത്തും കൃഷിനാശവും ഉണ്ടായി. കൂടാതെ വൃക്ഷചില്ലകൾ ഒടിഞ്ഞ് ഇലക്ട്രിക് ലൈനുകളിൽ വീണതിനാൽ ചിലയിടങ്ങളിൽ വൈദ്യുത തടസ്സവും ഉണ്ടായി.