train

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ്, റെയിൽ ഗതാഗതം ജനുവരി മുതൽ പൂർണമായും പുനഃസ്ഥാപിക്കും. പാസഞ്ചർ ട്രെയിനുകൾക്ക് ഉൾപ്പെടെ ജനുവരിയിൽ സർവീസ് നടത്താൻ റെയിൽവേ മന്ത്രാലായം പച്ചക്കൊടി കാട്ടി. ജനുവരി ഒന്നു മുതൽ എല്ലാ ബസുകളും സർവീസ് നടത്താമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. സ്വകാര്യബസുകളും സർവീസ് ആരംഭിച്ചേക്കും. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ പകുതി ഷെഡ്യൂളുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ചാൽ പാസഞ്ചർ, മെമു സർവീസുകൾ ആരംഭിക്കാമെന്ന് മേഖലാ അധികാരികൾക്ക് ഇന്ത്യൻ റെയിൽവേ അനുവാദം നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ലോക്കൽ ട്രെയിനുകൾ ഓടുന്നതിനു പുറമെ ദക്ഷിണ പശ്ചിമ റെയിൽവേ ഹൂബ്ലിയിലും ബംഗളൂരുവിലും മെമു സ‌ർവീസ് ആരംഭിക്കാൻ അനുവാദം നൽകിയിരുന്നു.

നിലവിൽ എക്‌സ്പ്രസ് ട്രെയിനുകൾ സ്പെഷ്യൽ സർവീസുകളായിട്ടാണ് ഓടുന്നത്. ട്രെയിനുകളിൽ ആഹാരം വിതരണം ചെയ്യുന്ന പാൻട്രി കാറുകളുടെ പ്രവ‌ത്തനം പുനരാരംഭിച്ചിട്ടില്ലെങ്കിലും റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകൾ പ്രവർത്തിച്ചു തുടങ്ങി. ഇവിടെ നിന്നും യാത്രക്കാർക്ക് പാഴ്സലായി ഭക്ഷണം നൽകുന്നുണ്ട്.

വെല്ലുവിളികൾ

ട്രെയിൻ

സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് റെയിൽവേയാണ്. എന്നാൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുമ്പോൾ യാത്രക്കാരുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ പങ്കാളിത്തം കൂടി വേണമെന്നാണ് റെയിൽവേയുടെ നിബന്ധന. അൺറിസർവ്ഡ് യാത്രയായതിനാൽ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാൻ പ്രയാസമായിരിക്കും.

ബസ്

1500ലേറെ ബസുകൾ കട്ടപ്പുറത്താണ്. അതിന്റെയെല്ലാം അറ്റക്കുറ്റ പണിചെയ്തിറക്കണം. ജീവനക്കാരെ സ്ഥലം മാറ്റത്തിലൂടെ ഡിപ്പോകളിൽ പുനർവിന്യസിക്കണം. 30ന് റഫറണ്ടം കഴിഞ്ഞാലുടൻ സ്ഥലംമാറ്റ ഉത്തരവിറങ്ങും.

സർവീസുകൾ

ബസ് ആകെയുള്ളത് 5600, ഇപ്പോൾ 2,500

ട്രെയിൻ ആകെ എക്സ്‌പ്രസ് -188 ഇപ്പോൾ 56