
കോവളം: പനത്തുറ നിവാസികളുടെ പാലത്തിനായുള്ള കാത്തിരിപ്പിന് ഇനിയും അറുതിയില്ല. മഴക്കാലത്തും വേനലിലും ഒരുപോലെ സാഹസികതയുടെ കരുത്തിൽ കായലിന്റെ മറുകര താണ്ടുന്ന ഇവരുടെ പാലമെന്ന സ്വപ്നത്തിന് 35 വർഷത്തെ പഴക്കമുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും വോട്ടുതേടി എത്തുന്നവർ വാഗ്ദാനപ്പെരുമഴകൾ തീർക്കാറുണ്ടെങ്കിലും ഫലം വന്നുകഴിയുമ്പോൾ എല്ലാം വിസ്മരിക്കാറാണ് പതിവ്.
ഇവിടെ നഗരസഭ കടത്തുവള്ളവും തോണിക്കാരനെയും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തോണിക്കാരൻ പലപ്പോഴും കടവിൽ ഉണ്ടാകാറില്ല. അതിനാൽ നാട്ടുകാർ ആറിന് കുറുകെ വടംകെട്ടി സ്വയം വലിച്ച് നീങ്ങിയാണ് മറുകരയെത്തുന്നത്. ആയിരത്തിലധികമാണ് ഇവിുത്തെ ജനസംഖ്യ. ഇവരെല്ലാം പ്രധാനമായും ആശ്രയിക്കുന്നത് കടത്തുവള്ളത്തെയാണ്. അല്ലാത്ത പക്ഷം ഹൈവേയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ചാലേ വീട്ടിലെത്താൻ സാധിക്കൂ. ഇവിടുത്തെ കുട്ടികൾക്ക് വാഴമുട്ടം, പാച്ചല്ലൂർ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് പോകുന്നതിനും കടത്തല്ലാതെ മറ്റ് മാർഗമില്ല. വൈകിട്ട് നാലുവരെ മാത്രമാണ് കടത്തുകാരന്റെ സേവനം ലഭിക്കുന്നത്. അത് കഴിഞ്ഞെത്തുന്നവർ ഇരുകരകളിലും കെട്ടിയിട്ടുള്ള കയറിൽ പിടിച്ചാണ് വള്ളത്തിൽ യാത്ര ചെയ്യുന്നത്. പലപ്പോഴും വള്ളം ആടിയുലഞ്ഞ് മറിയുന്ന സ്ഥിതിയുമുണ്ടായിട്ടുണ്ട്. ഈ ദുരിത യാത്രയ്ക്ക് അറുതിവേണമെന്നും പാലം നിർമ്മിക്കാനുള്ള നടപടി അടിയന്തരമായി ആരംഭിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മൃതദേഹം സംസ്കരിക്കുന്നതിനും ദുരിതം
പനത്തുറയിൽ നിന്നുള്ള നിരവധി പേർ തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്. ഇവർക്ക് സ്വന്തം പള്ളിയിൽ മൃതദേഹം കബറടക്കണമെങ്കിലും കടത്തുവള്ളത്തെ ആശ്രയിക്കണം. റോഡ് മാർഗം മൃതദേഹങ്ങൾ എത്തിക്കുന്നതിനും പ്രശ്നങ്ങളുണ്ട്. പനത്തുറ ക്ഷേത്രം കഴിഞ്ഞാൽ പള്ളിയിലേക്കുള്ള വഴിക്ക് രണ്ടടിമാത്രമാണ് വീതി. ഇതുവഴി സഞ്ചരിക്കാൻ സാധിക്കാത്തതിനാൽ നാലുവള്ളങ്ങൾ കൂട്ടിക്കെട്ടി അതിലാണ് മൃതദേഹങ്ങൾ എത്തിക്കുന്നത്.
പ്രധാനമന്ത്രിയുടെ ആവശ്യവും പരിഗണിച്ചില്ല
1985ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കുടുംബവും പനത്തുറ സന്ദർശിച്ചിരുന്നു. അന്നും നാലുവള്ളങ്ങൾ കൂട്ടിക്കെട്ടിയാണ് എല്ലാവരും മറുകരപിടിച്ചത്. ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കിയ പ്രധാനമന്ത്രി അന്നത്തെ മുഖ്യമന്ത്രിയോടെ പാലവും കടലേറ്റം തടയുന്നതിന് കടൽഭിത്തിയും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് സർവേ നടപടികൾ നടത്തിയിരുന്നു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനയും പൈലിംഗും നടത്തുകയും ചെയ്തു. എന്നാൽ മറ്റ് നടപടികൾ ഉണ്ടാകാത്തതാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണം. കുറച്ചുഭാഗത്ത് കടൽഭിത്തി നിർമ്മിച്ചതുമാത്രമാണ് ആകെ ഉണ്ടായ നേട്ടം.
പാലമെന്ന ആവശ്യത്തിന് 35 വർഷം പഴക്കം
താമസിക്കുന്നവർ ആയിരത്തിലധികം
ആശ്രയം കടത്തുവള്ളം മാത്രം
ചില സമയങ്ങളിൽ ഇതും ലഭിക്കില്ല
നടപടികൾ കടലാസിലൊതുങ്ങി
പ്രഖ്യാപനങ്ങൾ പാഴ്വാക്കാകുന്നു