
പോത്തൻകോട്: മംഗലപുരം ചെമ്പകമംഗലത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണുവാണ് (30) മരിച്ചത്. വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. രാത്രി ഒമ്പതരയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നു. വീടിന് സമീപത്തെ നഴ്സിംഗ് ഹോസ്റ്റലിന് സമീപമെത്തിയപ്പോൾ ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്നുണ്ടായ കൈയാങ്കളിക്കിടെ വിഷ്ണുവിന് കുത്തേറ്റു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. ആക്രമണത്തിനിടെ വിമലിനും പരിക്കേറ്റു. ചികിത്സയിലുള്ള വിമൽ പൊലീസ് നിരീക്ഷണത്തിലാണ്.
വിമലും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു. വിഷ്ണുവും വിമലിന്റെ സഹോദരിയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് വിമൽ കണ്ടുപിടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. മരിച്ച വിഷ്ണുവിന് മാതാപിതാക്കൾ ഇല്ല. ഇയാൾ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്. മംഗലപുരം പൊലീസ് കേസെടുത്തു.