
തിരുവനന്തപുരം :കൊവിഡ് ബാധിതർ ഇന്ത്യയിൽ ഒരുകോടി കവിയുമ്പോൾ രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഡിസംബർ 18ന് 5456 പേർക്ക് രോഗം സ്ഥിരീകരിച്ചതടക്കം കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന രോഗികളിൽ സംസ്ഥാനമാണ് ഒന്നാമത്. ചികിത്സയിലുള്ളവരിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം മുന്നിലാണ്.
ഇന്നലെ രാവിലെവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ 1,00,04,599 പേരാണ് കൊവിഡ് ബാധിതരായത്. 1,45,136 പേർക്കാണ് ജീവൻ നഷ്ടമായത്.
കേരളത്തിൽ 6,93,865 പേർ രോഗബാധിതരായപ്പോൾ 2757 പേർ മരിച്ചു. കൊവിഡ് മരണങ്ങളിൽ രാജ്യത്ത് 21ാം സ്ഥാനത്താണ് കേരളമെന്നതാണ് ഏക ആശ്വാസം.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് സെപ്തംബർ 16നാണ് -97894. ഒക്ടോബർ 10നാണ് 11755 രോഗികളുമായി കേരളം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്നേദിവസം 21മരണം സ്ഥിരീകരിച്ചു. 2003 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ജൂൺ 16നാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത്. 35 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഈ മാസം ഒൻപതിനാണ് കേരളത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. അന്ന് 4875 പുതിയ രോഗികളുമുണ്ടായി. പ്രതിദിനരോഗികൾ ഉയർന്നുനിന്ന ഘട്ടത്തിൽ മരണസംഖ്യ ഉയരാതിരിക്കുകയും എണ്ണം കുറയുന്ന ഘട്ടത്തിൽ മരണസംഖ്യ ഉയരുകയും ചെയ്യുന്നത് ഗുരുതരമായ സാഹചര്യത്തിന്റെ സൂചനയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രോഗവ്യാപനം വർദ്ധിക്കുമെന്ന ആശങ്ക ശക്തമാണ്.
ആകെ രോഗികൾ
(രോഗമുക്തർ ഉൾപ്പെടെ)
ഏപ്രിൽ 18
രാജ്യം 15722, കേരളം 396
മേയ് 18
രാജ്യം 100328, കേരളം 627
ജൂൺ 18
രാജ്യം 380532, കേരളം 2790
ജൂലായ് 18
രാജ്യം 380532, കേരളം 11,659
ആഗസ്റ്റ് 18
രാജ്യം 2767253, കേരളം 47,898
സെപ്തംബർ 18
രാജ്യം 5308014, കേരളം 126381
ഒക്ടോബർ 18
രാജ്യം 7550273, കേരളം 341859
നവംബർ 18
രാജ്യം 8958483, കേരളം 539919
ഡിസംബർ 18
രാജ്യം 1,00,04,599, കേരളം 6,93,865