
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വിജയത്തെ പ്രകീർത്തിച്ച് നടനും നവകേരള പീപ്പിൾസ് പാർട്ടി സ്ഥാപകനുമായ ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയരഹസ്യം പഠനവിഷയമാക്കണമെന്ന് ദേവൻ പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തേയും സി.പി.എമ്മിനെയും ദേവൻ രൂക്ഷമായി വിമർശിച്ചിരുന്നു. പിണറായി വിജയന്റെ പേര് തുഗ്ലക് എന്ന വിഡ്ഢി രാജാവിന്റെ പട്ടികയിൽ എഴുതുകയാണെന്നായിരുന്നു ദേവന്റെ പരിഹാസം.
പോസ്റ്റിൽ പറയുന്നത്: തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗത്തെയും അഭിനന്ദിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, ഏതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച തിരഞ്ഞെടുപ്പ് ഫലമാണിത്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ഈ വിജയത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാൻ അഭിനന്ദിക്കുന്നെന്നും പോസ്റ്റിൽ പറയുന്നു.