ss

തിരുവനന്തപുരം: കോടതി നിർദ്ദേശത്തെ തുടർന്ന് പ്രതിദിനം 5000 പേർക്ക് ദർശനമൊരുക്കാനുള്ള സൗകര്യം ശബരിമലയിൽ ദേവസ്വം ബോർഡ് നടപ്പാക്കിത്തുടങ്ങി. ഇന്ന് മുതൽ കൂടുതൽ പേരെ പ്രവേശിപ്പിക്കും. ഇതിനായി പമ്പയിലും സന്നിധാനത്തും ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ആരംഭിച്ചു.

പമ്പയിൽ നിലവിൽ രണ്ടായിരം പേർക്ക് കുളിക്കാനുള്ള ഷവർ സൗകര്യം മാണുള്ളത്. തുടർന്ന് കൂടുതൽ ഷവറുകൾ സ്ഥാപിച്ചുതുടങ്ങി. ദിവസേന 5000 പേർക്ക് അന്നദാനത്തിനും ഇന്ന് മുതൽ സന്നിധാനത്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സന്നിധാനത്ത് ഹോട്ടലുകളുള്ളതിനാൽ ഭക്തർക്ക് താത്പര്യമനുസരിച്ച് എവിടെനിന്നും ഭക്ഷണം കഴിക്കാനാകും.
കൂടുതൽ പേർ എത്തുമ്പോൾ മലകയറാനും ദർശനം നടത്താനും വേണ്ട ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളും നടപ്പാക്കേണ്ടതുണ്ട്. വെർച്വൽ ക്യൂ മുഖാന്തരമാണ് കൂടുതൽ പേരെ പ്രവേശിപ്പിക്കുന്നത്. പൊലീസാണ് വെർച്വൽ ക്യൂ സംവിധാനം നിയന്ത്രിക്കുന്നത്. നിലവിൽ രണ്ടായിരം പേർക്ക് മാത്രമേ ഒരു ദിവസം ബുക്ക് ചെയ്യാനാകൂ. ഇത് അയ്യായിരമാക്കേണ്ടത് പൊലീസാണ്‌.


ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വേണ്ട ക്രമീകരണങ്ങൾ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗിൽ എണ്ണം വർദ്ധിപ്പിക്കേണ്ടത് പൊലീസാണ്.

-അഡ്വ.എൻ.വാസു
ദേവസ്വം ബോർഡ് പ്രസിഡന്റ്