janatadal-

തിരുവനന്തപുരം: മാത്യു ടി.തോമസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന അഡ്ഹോക് സമിതിയെ തള്ളാനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് മുന്നോട്ട് പോകാനും ജനതാദൾ-എസ് വിമതവിഭാഗം തീരുമാനിച്ചു. പാർട്ടി ഔദ്യോഗിക നേതൃത്വത്തെ ധിക്കരിച്ച് ഇന്നലെ വിളിച്ചുചേർത്ത സംസ്ഥാന കൗൺസിൽ യോഗം, ദേശീയാദ്ധ്യക്ഷൻ ദേവഗൗഡ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. ദേവഗൗഡയെ നീക്കാൻ പാർട്ടി ദേശീയ സെക്രട്ടറി ജനറലിനോട് ഔദ്യോഗികമായി ആവശ്യപ്പെടും.

പാർട്ടിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനെയും മറ്റ് ഭാരവാഹികളെയും തിങ്കളാഴ്ച നേതൃയോഗം ചേർന്ന് തിരഞ്ഞെടുക്കും. ഇടതുമുന്നണി യോഗത്തിലെ പാർട്ടിയുടെ നിലവിലെ പ്രതിനിധികളെ മാറ്റാൻ ആവശ്യപ്പെടാനും തീരുമാനിച്ചു. ഇതോടെ ജനതാദൾ-എസ് സംസ്ഥാന ഘടകത്തിലെ പിളർപ്പ് പൂർണമായി. പുതിയ അദ്ധ്യക്ഷനെ നിശ്ചയിക്കുന്നതിനും എൽ.ഡി.എഫ് നേതൃത്വത്തെ കാണുന്നതിനുമായി ജോർജ്ജ് തോമസ്, മാത്യു ജോൺ, എ. ചന്ദ്രകുമാർ എന്നിവരെ ചുമതലപ്പെടുത്തി.

സി.കെ. നാണു അദ്ധ്യക്ഷനും ജോർജ് തോമസ് സെക്രട്ടറി ജനറലുമായി ഉണ്ടായിരുന്ന സംസ്ഥാനഘടകത്തെ പിരിച്ചുവിട്ടാണ് മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റിയെ ദേവഗൗഡ ചുമതലപ്പെടുത്തിയത്. ഇതിനെതിരെയാണ് വിമതർ കലാപം തുടങ്ങിയത്.

സ്ഥാനമൊഴിഞ്ഞ മുൻ പ്രസിഡന്റ് സി.കെ. നാണുവിന്റെ പിന്തുണ തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം. അദ്ദേഹത്തിന്റെ കൂടി സൗകര്യാർത്ഥമാണ് ഇന്നലെ യോഗം ചേർന്നതെന്നും നിയമസഭയിലെ കൂറുമാറ്റ പ്രശ്നമടക്കം ഉള്ളതിനാൽ അദ്ദേഹത്തിന് സാങ്കേതികമായി പങ്കെടുക്കാനായില്ലെന്നേയുള്ളൂവെന്നും ജോർജ്ജ് തോമസ് പറഞ്ഞു.

പാർട്ടി കേരള ഘടകത്തെ ഏകപക്ഷീയമായി പിരിച്ചുവിട്ട് അഡ്ഹോക് സമിതിയെ ചുമതലപ്പെടുത്താനുള്ള തീരുമാനം നിയമപരമായി നിലനിൽക്കാത്തതാണെന്ന് ജോർജ്ജ് തോമസ് പറഞ്ഞു. കർഷകരുടെ പ്രധാനമന്ത്രിയെന്ന് അവകാശപ്പെട്ടിരുന്ന ദേവഗൗഡ ഇപ്പോൾ ഡൽഹിയിലെ കർഷക സമരത്തോട് മുഖം തിരിച്ചുനിൽക്കുകയാണ്. അത് ബി.ജെ.പിയുമായുള്ള ബന്ധം കാരണമാണ്. ഇത് ജനതാദൾ-എസ് ദേശീയ എക്സിക്യൂട്ടീവിന്റെ നിലപാടിന് വിരുദ്ധമാണ്. അതിനാൽ ദേവഗൗഡ അദ്ധ്യക്ഷസ്ഥാനമൊഴിയണം. വിഷയം ചർച്ച ചെയ്യാൻ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് വിളിച്ചുചേർക്കാനാണ് സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടുക.

91 അംഗ സംസ്ഥാന കൗൺസിിലെ 62 പേരും യോഗത്തിൽ പങ്കെടുത്തതായി ജോർജ്ജ് തോമസ് അവകാശപ്പെട്ടു. നിരീക്ഷകരുൾപ്പെടെ 107 പേർ പങ്കെടുത്തെന്നും പറഞ്ഞു.