
തിരുവനന്തപുരം: ഫുട്ബാൾ വിസ്മയം ഐ.എം. വിജയൻ മാജിക് പ്ലാനറ്റ് സന്ദർശിച്ചു. മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട് സെന്ററിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആരംഭിച്ച കളിക്കളത്തിന്റെ ഉദ്ഘാടനത്തിനാണ് വിജയനെത്തിയത്. കുട്ടികളുടെ കൂടെ അരമണിക്കൂറോളം സമയം ഫുട്ബാൾ കളിക്കാനും ഐ.എം. വിജയൻ നേരം കണ്ടെത്തി. താരം ഗോളിയായി നിന്ന ഗോൾ പോസ്റ്റിലേക്ക് അപർണയും രാഹുലും അരവിന്ദുമൊക്കെ പെനാൽറ്റി ഷൂട്ടിലൂടെ ഗോളടിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാട്, മാനേജർ ജിൻ ജോസഫ്, കോ-ഓർഡിനേറ്റർ ടി. ദിവ്യ എന്നിവരും ഫുട്ബാൾ കളിക്കാനൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളിൽ സ്ഥിരോത്സാഹം, ഒത്തൊരുമ, മാനസിക സന്തുലിതാവസ്ഥ തുടങ്ങിയ ഗുണങ്ങൾ കായികപരിശീലനത്തിലൂടെ വളർത്തിയെടുക്കാൻ കഴിയുമെന്നും ഇതിനായി ഒരു സ്‌പോർട്‌സ് സെന്റർ തന്നെ ആരംഭിക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.