kalasandya
ഐ.എസ്. ആർ.ഒ.യുടെ ജീവനക്കാർക്കായി തിരുവനന്തപുരത്ത് നടന്ന കലാസന്ധ്യയിൽ നിന്ന്

# പരിപാടികൾ ഇന്ന് വൈകിട്ട് 7ന് യു.ട്യൂബ് പ്രീമിയറിൽ

തിരുവനന്തപുരം: കൊവിഡ് മഹാമാരിയിൽ വിലപ്പെട്ട പത്തുമാസങ്ങൾ നഷ്ടമായ ഐ.എസ്.ആർ.ഒ നവംബർ 7നും ഡിസംബർ 17നും രണ്ട് വിക്ഷേപണങ്ങൾ നടത്തി ഗവേഷണ വികസന പ്രവർത്തനങ്ങളിലേക്ക് മടങ്ങിവന്നു. അതിന്റെ ആഹ്ലാദം പങ്കിടാൻ വി.എസ്. എസ്. സി.യിൽ ഇന്നലെ ജീവനക്കാരെയും കലാകാരൻമാരേയും പങ്കെടുപ്പിച്ച് കലാസന്ധ്യ അരങ്ങേറി.

"ആരോഹണം" എന്ന പരിപാടി വഴുതക്കാട്ട് റോക്കറ്റ് മാതൃകയിൽ സജ്ജമാക്കിയ വേദിയിലാണ് നടന്നത്. വയലാർ അവാർഡ് നേടിയ സാഹിത്യകാരനും ഐ.എസ്.ആർ.ഒ. ജീവനക്കാരനുമായ വി.ജെ.ജയിംസിനെ ആദരിച്ചു.

വി.എസ്. എസ്.സി.ഡയറക്ടർ ഡോ. എസ്. സോമനാഥ്, എൽ.പി.എസ്.സി ഡയറക്ടർ ഡോ.വി.നാരായണൻ, എച്ച്. എസ്. എഫ്. സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ, ഐ.ഐ.എസ്.യു.ഡയറക്ടർ ഡോ.സാം ദയാലദേവ്. സയന്റിഫിക് സെക്രട്ടറി ആർ. ഉമാമഹേശ്വരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കിയാണ് പരിപാടി നടത്തിയത്. ഐ.എസ് ആർ.ഒയിലെ എല്ലാ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഇത് ഇന്ന് യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്യുമെന്ന് വി.എസ്. എസ്. സി. അറിയിച്ചു.