
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലസ്ഥാനത്തെ കലാസ്വാദകരുടെ സാംസ്കാരികയിടമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ സാംസ്കാരിക പരിപാടികളുടെ തട്ടകമാകാൻ തയ്യാറാകുന്നു.
വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ പ്രതിമാസ സാംസ്കാരികോത്സവമായ 'സംസ്കൃതി'യിൽ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ മുപ്പത്തിയഞ്ചാമത് ചരമദിനമായ 22 ന് സ്മൃതിദിനാചരണവും സാംസ്കാരിക പരിപാടികളും നടക്കും. വൈകിട്ട് 6ന് കൂത്തമ്പലത്തിൽ നടക്കുന്ന പരിപാടിയിൽ സംസ്കൃതിഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.ആർ.സദാശിവൻ നായർ സ്വാഗതം പറയും. ഡോ. രാജശ്രീ വാര്യർ, ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ സ്മൃതിമൊഴി അവതരിപ്പിക്കും. തുടർന്ന് സേന- ബാൻഡ് ഒഫ് വേമ്പനാട് 'പേറുക വന്നീ പന്തങ്ങൾ' കാവ്യസംഗീതിക അവതരിപ്പിക്കും. 26 വൈകിട്ട് 6ന് ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രം അവതരിപ്പിക്കുന്ന 'നാട്യാഞ്ജലി'. 27 ന് വൈകിട്ട് 6 ന് കൊൽക്കത്ത പുരോഗമന കലാസാഹിത്യസംഘം അവതരിപ്പിക്കുന്ന 'വൈലോപ്പിള്ളി സ്മൃതി കാവ്യസന്ധ്യ'യിൽ എഴുത്തുകാരൻ ഡോ. സി രാവുണ്ണി സ്മൃതിപ്രഭാഷണം നടത്തും.