pik

കൊച്ചി: പടികൾ കയറി ഓഫീസുകളിലെത്താനും ഉയർന്ന ചവിട്ടുപടികളുള്ള ബസുകളിൽ കയറാനും വീൽ ചെയറുമായി പൊതുശൗചാലയങ്ങളിൽ കടക്കാനുമുള്ള ബുദ്ധിമുട്ടുകളോട് കാർട്ടുണുകളിലൂടെ പ്രതികരിച്ച് ഭിന്നശേഷി കലാകാരന്മാരുടെ കൂട്ടായ്മ. എറണാകുളം-അങ്കമാലി അതിരൂപതാ സഹൃദയയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള സാമൂഹ്യാധിഷ്ഠിത പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി സംഘടിപ്പിച്ച കാർട്ടുൺ ശില്പശാലയിൽ പങ്കെടുത്തവരാണ് തങ്ങളുടെ പ്രശ്നങ്ങൾ കാർട്ടുണുകളിലൂടെ അവതരിപ്പിച്ചത്.

10 വയസുള്ള വിദ്യാർത്ഥിയായ ചിറ്റൂർ സ്വദേശി ജോസ്വിൻ മുതൽ 21 വയസുള്ള കംപ്യുട്ടർ സയൻസ് ബിരുദ വിദ്യാർത്ഥിയായ കാക്കനാട് സ്വദേശി ജോസഫ് കുര്യൻ ഉൾപ്പടെ 27 പേർ ശില്പശാലയിൽ പങ്കെടുത്തു. പൊന്നുരുന്നി സഹൃദയ അങ്കണത്തിൽ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരള കാർട്ടുൺ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ ശില്പശാല ഉദ്‌ഘാടനം ചെയ്തു. ശില്പശാലയിൽ പങ്കെടുത്തവരുടെ പ്രതികരണങ്ങൾ സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നടപടികൾ സഹൃദയ സ്വീകരിക്കുമെന്ന് ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. അനൂപ് രാധാകൃഷ്ണൻ , ജീസ് പി. പോൾ എന്നിവർ ശില്പശാലയ്ക്കു നേതൃത്വം നൽകി. സഹൃദയ പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്,, ഷാനോ ജോസ്, സിസ്റ്റർ ജെയ്‌സി ജോൺ, സിസ്റ്റർ ആൻസി പുത്തൻപുരയ്ക്കൽ , ഷേർലി അവറാച്ചൻ എന്നിവർ സംസാരിച്ചു.