chenkal

പാറശാല: കാർഷികരംഗത്തെ നൂതന സാങ്കേതിക വിദ്യകളുടെ പരിശീലനം ലക്ഷ്യമാക്കി ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, ആന്ധ്രാപ്രദേശിലെ ഡോ. വൈ.എസ്.ആർ ഹോർട്ടികൾചറൽ സർവകലാശാല എന്നിവിടങ്ങളിലെ പ്രതിനിധികൾ ജില്ലയിലെ കാർഷിക ഗ്രാമമായ ചെങ്കലിലെത്തി. ഡോ. വൈ.എസ്.ആർ ഹോർട്ടികൾചറൽ സർവകലാശാലയിലെ അവസാന വർഷ കൃഷി ബിരുദ വിദ്യാർത്ഥികളുടെ പരിശീലനത്തിന്റെ ഭാഗമായി ചെങ്കലിൽ ട്രെയിനിംഗും കർഷക തോട്ട സന്ദർശനവും നടത്തി. കേന്ദ്ര കിഴങ്ങു ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജി. ബൈജു, ഡോ. ഡി. ജഗന്നാഥൻ, ഡോ. ബി.ജി. സംഗീത എന്നിവർ സംസാരിച്ചു. സെമിനാറിൽ നൂറോളം കർഷകർ പങ്കെടുത്തു. കേരള വാഴ കർഷക സംഘം സംസ്ഥാന സെക്രട്ടറി ജി. പവിത്ര കുമാർ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ നടീൽ വസ്തുക്കളും മരച്ചീനിവള മിശ്രിതവും പുതിയ പ്രസിദ്ധീകരണങ്ങളും പ്രകാശനം ചെയ്തു. സുനിൽ, വെജിറ്റബിൾ ഫ്രൂട്ട് ആൻഡ് പ്രൊമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ ആർ.ബി. സിന്ധുകുമാരി, ചെങ്കൽ കൃഷി ഓഫീസർ കുമാരി ആതിര എന്നിവർ പങ്കെടുത്തു.