
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ യു.ഡി.എഫിന് ശക്തി കേന്ദ്രമായ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ ഏറ്റത് കനത്ത തിരിച്ചടി. മണ്ഡലം യു.ഡി.എഫിന്റെ കൈയിലിരിക്കെയാണ് ദയനീയമായ പരാജയം. വോട്ടുകളിൽ കുത്തനെ ഇടിവുണ്ടായതോടെ 2015ലെ തദ്ദേശതിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന യു.ഡി.എഫ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസ്. ശിവകുമാർ 10905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 17827 വോട്ടുകളുടെ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എൽ.ഡി.എഫ് 9992 വോട്ടുകൾ വർദ്ധിപ്പിച്ചപ്പോൾ ബി.ജെ.പിക്ക് 4821 വോട്ടുകൾ കുറഞ്ഞു. 28 വാർഡുകളുള്ള മണ്ഡലത്തിൽ മൂന്നു വാർഡുകൾ മാത്രമാണ് യു.ഡി.എഫിന് നേടാനായത്. ശംഖുംമുഖം, ബീമാപ്പള്ളി എന്നീ തീരദേശവാർഡുകളും പെരുന്താന്നിയും യു.ഡി.എഫിനൊപ്പം നിന്നു. യു.ഡി.എഫിന്റെ പൂന്തുറ വാർഡ് സ്വതന്ത്രനും പിടിച്ചു. തീരദേശ വാർഡുകളിലടക്കം എൽ.ഡി.എഫ് അട്ടിമറി വിജയം നേടി 17 സീറ്റുകളാണ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ആറ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി എഴ് വാർഡുകൾ നേടി.
തദ്ദേശ തിരഞ്ഞെടുപ്പ് 2020
തിരുവനന്തപുരം മണ്ഡലം
(28വാർഡുകൾ)
എൽ.ഡി.എഫ് - 45561
എൻ.ഡി.എ - 30748
യു.ഡി.എഫ് - 28647
നിയമസഭ തിരഞ്ഞെടുപ്പ് 2016
യു.ഡി.എഫ് - 46474
എൽ.ഡി.എഫ് - 35569
എൻ.ഡി.എ - 34764