
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കോൺഗ്രസിനെ ആഞ്ഞടിച്ച് യു.ഡി.എഫ് ഘടകകക്ഷികൾ. ഇന്നലെ മുന്നണി യോഗത്തിന് മുന്നോടിയായി നടന്ന ഉഭയകക്ഷി ചർച്ചകളിൽ മുസ്ലിംലീഗ് അടക്കം ഘടകകക്ഷികളെല്ലാം കോൺഗ്രസിലെ നേതാക്കളുടെ പോരിനെയും നേതൃത്വത്തിന്റെ പ്രവർത്തനശൈലിയെയും രൂക്ഷമായി വിമർശിച്ചു. തിരിച്ചുവരണമെങ്കിൽ ശൈലി മാറ്റണം. യു.ഡി.എഫ് തിരിച്ചുവരണമെന്ന ദൃഢനിശ്ചയത്തോടെയും ആത്മാർത്ഥതയോടെയും നീങ്ങണം. ഭാവി പരിപാടികൾ വിശദമായി ചർച്ച ചെയ്യാൻ അടുത്ത മാസം 9ന് ഒരു ദിവസം നീളുന്ന മുന്നണി യോഗം ചേരാനും തീരുമാനിച്ചു.
മുന്നണിയിൽ നിന്ന് ക്രിസ്ത്യൻ വോട്ടുകൾ അടർത്തി മാറ്റാനുള്ള നീക്കങ്ങളെ ചെറുക്കണമെന്നും അഭിപ്രായമുയർന്നു. കേരള കോൺഗ്രസ് - ജോസഫ് വിഭാഗം അതിന്റെ നേതൃത്വം ഏറ്റെടുക്കാൻ പ്രതിപക്ഷനേതാവ് നിർദ്ദേശിച്ചു. ജോസ് കെ.മാണി പോയത് ദോഷമായി എന്നൊക്കെയുള്ള കെ. സുധാകരന്റെയടക്കം പ്രതികരണത്തിൽ ജോസഫ് വിഭാഗം പരിഭവപ്പെട്ടു. ജോസ് പോയത് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്നും അത്തരം പ്രതികരണങ്ങൾ ദോഷമുണ്ടാക്കുന്നും അവർ വിമർശിച്ചു. കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ നേടിയ മുനിസിപ്പൽ, ബ്ലോക്ക് ഡിവിഷനുകളുടെ കണക്കുകളും അവർ നിരത്തി.തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ലീഗും ആർ.എസ്.പിയും മറ്റും ഉയർത്തിയ വിമർശനങ്ങൾ മുന്നണിയോഗത്തിൽ പ്രതിഫലിക്കാതിരിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമായിരുന്നു ഉഭയകക്ഷി ചർച്ച. അതിൽ വിമർശനങ്ങളും പരിഭവങ്ങളുമെല്ലാം പങ്കുവയ്‌ക്കപ്പെട്ടതോടെ മുന്നണിയോഗം കുഴപ്പമില്ലാതെ നടന്നു.മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിന് കെട്ടുറപ്പില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ശക്തമായ ഭാഷയിൽ ഘടകകക്ഷി നേതാക്കൾ മുന്നറിയിപ്പ് നൽകി. തോൽവിയുടെ ഉത്തരവാദിത്വം കോൺഗ്രസ് പൂർണമായി ഏറ്റെടുക്കണം. സമഗ്രമായ തിരുത്തൽ നടത്തിയേ തീരൂ. വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകുമെന്ന ഉറപ്പ് കോൺഗ്രസ് നേതാക്കളും നൽകി. വിഴുപ്പലക്കൽ ഒഴിവാക്കാൻ ഹൈക്കമാൻഡിന്റെ ഇടപെടൽ ഉറപ്പാക്കും.താഴെത്തട്ടിൽ പലേടത്തും ഘടകകക്ഷികൾക്ക് സീറ്റനുവദിച്ച ശേഷം കൈപ്പത്തി ചിഹ്നത്തിൽ റെബലുകളെ ഇറക്കിയ ദുരനുഭവങ്ങളും ഘടകകക്ഷി നേതാക്കൾ പങ്കുവച്ചു. കെ.പി.സി.സി പ്രസിഡന്റല്ല, രാഹുൽഗാന്ധി പറഞ്ഞാലും തങ്ങളിവിടെ തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു പലേടത്തും പ്രാദേശികനേതൃത്വങ്ങൾ. ഇത്തരം വഞ്ചനകൾ അവസാനിപ്പിക്കണം.തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായത് താൽക്കാലിക വിജയമാണെന്ന് പിന്നീട് മുന്നണിയോഗം വിലയിരുത്തി. അതിനെ തെറ്റിദ്ധരിപ്പിച്ച് വലിയ സംഭവമാണന്ന് വരുത്തിത്താൻ ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെ ശ്രമിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയാടിസ്ഥാനത്തിലല്ല. രാഷ്ട്രീയം നിയമസഭാതിരഞ്ഞെടുപ്പിലേ പ്രതിഫലിക്കൂ. ക്രിസ്ത്യൻവോട്ടുകളെ ആകർഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ഇടപെടലുകൾക്ക് തടയിടണം. മദ്ധ്യകേരളത്തിലെ നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാനും ന്യൂനപക്ഷങ്ങളെ ഒപ്പം നിറുത്താനുമാകണം. മതമേലദ്ധ്യക്ഷന്മാരെ കണ്ട് ഇടപെടണമെന്ന് ലീഗടക്കമുള്ളവർ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ പി.ജെ. ജോസഫ് അവരുമായി ചർച്ച നടത്തും.