
നെടുമങ്ങാട്: ഹൃദ്രോഗത്തിനും കിഡ്‌നി തകരാറിനും ചികിത്സിക്കാൻ പണമില്ലാതെ നിർദ്ധന കുടുംബത്തിന്റെ താങ്ങായ വീട്ടമ്മ ദുരിതത്തിൽ. ഉഴമലയ്ക്കൽ പേരില ശാലിനി ഭവനിൽ സെൽവിയാണ് (48) ചികിത്സയ്ക്കും മരുന്നിനും വഴി കാണാതെ വലയുന്നത്. മൂന്ന് പെണ്മക്കളുടെ അമ്മയാണ് സെൽവി. ഭർത്താവ് ഹൃദയാഘാതം മൂലം ഏതാനും മാസം മുമ്പ് മരണപ്പെട്ടു. സെൽവിയും മൂന്ന് വർഷമായി ഹൃദ്രോഗത്തിന് ചികിത്സയിലാണ്. നേരത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നാട്ടുകാരും പൊതുപ്രവർത്തകരുമാണ് തണലായത്.
തുടർന്ന് മരുന്ന് കഴിക്കുന്നതിനിടയിൽ കിഡ്‌നികളും തകരാറിലായി. ഇപ്പോൾ ഓരോ ആഴ്ചയിലും മൂന്ന് ദിവസം ഡയാലിസിസ് ചെയ്തു വരികയാണ്. ഓരോ മാസവും ആശുപത്രിയിൽ പോയി വരാനും മരുന്നിനുമായി മുപ്പതിനായിരം രൂപയിലധികം വേണം. സ്വന്തമായി വീടോ വരുമാന മാർഗമോ ഇല്ലാതെ ക്ലേശിക്കുന്ന കുടുംബത്തിന് ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുക എന്നത് ദുഷ്കരമാണ്. സുമനസുകളുടെ കാരുണ്യത്തിലാണ് ഈ വീട്ടമ്മയും പെൺമക്കളും പ്രതീക്ഷ വയ്ക്കുന്നത്. എസ്.ബി.ഐ വെള്ളനാട് ശാഖയിൽ സെൽവിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67146079240 ( ഐ.എഫ്.എസ്.സി കോഡ് : SBIN 0070793). ഫോൺ: 9497013593.