
തിരുവനന്തപുരം: മുന്നണി അപ്രസക്തമായില്ലെന്ന് തെളിയിച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്ന് മുന്നണി ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പ്രചരിപ്പിക്കുന്നത് പോലെയുള്ള പരാജയം യു.ഡി.എഫിനുണ്ടായിട്ടില്ല. പ്രചാരണത്തിൽ രാഷ്ട്രീയം പ്രതിഫലിപ്പിക്കാനായില്ല. കൊവിഡ് കാലത്ത് പ്രചാരണത്തിന് പരിമിതികളുണ്ടായി. അതുൾപ്പെടെ സംഘടനാപരമായ പാളിച്ചകളുണ്ടായി. വിശദമായി പരിശോധിച്ച് അവ തിരുത്തും. സർക്കാരിനെതിരെ ജനം പ്രതികരിച്ചിട്ടുണ്ട്. ഞങ്ങൾ പ്രതീക്ഷിച്ച രീതിയിൽ അതുണ്ടായില്ല. അതിൽ ഞങ്ങൾ പൂർണ്ണ തൃപ്തരുമല്ല. ഈ ഫലത്തോടെ എല്ലാ അഴിമതികളും ഇല്ലാതായെന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. സ്വർണ്ണക്കടത്തുൾപ്പെടെ ഭരണാധികാരമുപയോഗിച്ച് സർക്കാർ നടത്തിയ അഴിമതികളും കൊള്ളകളുമെല്ലാം തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ജനങ്ങൾ മറന്നുവെന്ന വാദം നിരർത്ഥകമാണ്. ആ അഹങ്കാരത്തിന് അന്ത്യമുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയപ്പോഴും ഞങ്ങൾ അഹങ്കരിച്ചിട്ടില്ല.
സർക്കാരിനെതിരായ അഴിമതിവിരുദ്ധ പോരാട്ടം ശക്തമാക്കും. വർഗ്ഗീയ ചേരിതിരിവുണ്ടാക്കിയും സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും ഇടതുപക്ഷവും ബി.ജെ.പിയും നടത്തിയ പ്രചാരണം പ്രതിരോധിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ട്. ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കാനുള്ള പ്രചാരണങ്ങളാണ് സി.പി.എം നടത്തിയത്. ബി.ജെ.പി രാഷ്ട്രീയത്തെയും സി.പി.എമ്മിന്റെ വർഗ്ഗീയ ധ്രുവീകരണത്തെയും തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ട്. അതുകൊണ്ടാണ് കേരളത്തിൽ ബി.ജെ.പി ക്ലച്ച് പിടിക്കാത്തത്. കേരളം പിടിച്ചെടുക്കുമെന്ന അവകാശവാദവുമായി ഇറങ്ങിയ ബി.ജെ.പിക്ക് ചില പോക്കറ്റുകളിലേ സാന്നിദ്ധ്യം തെളിയിക്കാനായുള്ളൂ. ജനങ്ങളുടെ പിന്തുണയുള്ള രാഷ്ട്രീയ മുന്നേറ്റവുമായി യു.ഡി.എഫ് നിലനിൽക്കുകയാണ്.ഈ മാസം 21ന് പഞ്ചായത്ത് സമിതികളുടെ ഭരണത്തെക്കുറിച്ച് ആലോചിക്കാൻ യു.ഡി.എഫ് ജില്ലാതല യോഗങ്ങൾ ചേരും. 22ന് രാവിലെ 11ന് യു.ഡി.എഫിലെ കർഷകസംഘടനകൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും.യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് കുറവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിൽ ഇടതുമുന്നണി അഹങ്കരിക്കുന്നതിൽ അർത്ഥമില്ല. കൊവിഡ്കാലത്ത് പരമ്പരാഗത പ്രചരണമില്ലാതെ നടന്ന തിരഞ്ഞെടുപ്പാണിത്. അതിലെ വിജയവും കണ്ടിറങ്ങിയാൽ കണക്ക് തെറ്റും. ഭരണവിരുദ്ധവികാരം പ്രതിഫലിക്കുക നിയമസഭാ തിരഞ്ഞെടുപ്പിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.