udf

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ലീഗ് വിരുദ്ധനിലപാട് കത്തോലിക്ക വിഭാഗത്തെ ഒപ്പം നിറുത്താനാണെന്ന് യു.ഡി.എഫ് നേതൃത്വം. ഓർത്തഡോക്സ് - യാക്കോബായ തമ്മിലടി മുതലെടുത്ത് അവരെ യു.ഡി.എഫിനെതിരാക്കുന്ന സമീപനവും മുഖ്യമന്ത്രിയിൽ നിന്നുണ്ടായെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു.

എല്ലാം ലീഗ് കൈയടക്കിയെന്ന പ്രതീതി സൃഷ്‌ടിക്കാനുള്ള ഗൂഢനീക്കങ്ങൾ കത്തോലിക്കാ വിഭാഗത്തെ ലക്ഷ്യമാക്കിയാണ്. ഇതിനെ ശ്രദ്ധാപൂർവ്വം മറികടക്കണം. അതിന് സഭാനേതൃത്വങ്ങളെ കണ്ട് തെറ്റിദ്ധാരണകൾ അകറ്റാനാണ് ജോസഫ് പക്ഷ നേതാക്കളെ ചുമതലപ്പെടുത്തിയത്.

പൊളിയുന്ന കപ്പലിലാണെന്ന ചിന്ത വേണ്ട

പൊളിയുന്ന കപ്പലിലാണ് തങ്ങളെന്ന ചിന്തയാണിപ്പോൾ ഘടകകക്ഷികൾക്കെന്ന് മുന്നണിയോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഒന്നിച്ച് പോകുന്ന നേതൃത്വവും നേതൃത്വം പറഞ്ഞാൽ അനുസരിക്കുന്ന അണികളും കോൺഗ്രസിനുണ്ടാകണം. തിരിച്ചുവരണമെങ്കിൽ കപ്പിത്താൻ ശൈലി മാറ്റണം - അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ പോലെ, നിയമസഭാ തിരഞ്ഞെടുപ്പിന് തലേന്നാൾ സീറ്റ് വിഭജനം നടത്തുന്ന രീതി മാറ്റണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ജനുവരിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി ഘടകകക്ഷികൾക്ക് പ്രവർത്തിക്കാൻ സൗകര്യമുണ്ടാക്കണമെന്നും നിർദ്ദേശിച്ചു.