
കാസർകോട്: ഹൊസങ്കടിയിൽ എസ്.ഡി.പി.ഐ- ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. രാത്രിയുണ്ടായ സംഘർഷത്തിൽ സ്ത്രീയടക്കം എട്ടുപേർക്ക് പരിക്കേറ്റു. അംഗഡിപ്പദവിലെ ബി.ജെ.പി പ്രവർത്തകരായ സുധാകരൻ (33), സുകുമാരൻ (35), സരിത (19), എസ്.ഡി.പി.ഐ പ്രവർത്തകരായ അംഗഡിപ്പദവിലെ അബൂബക്കർ സിദ്ദീഖ് (40), സനാഫ് (22), യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നവാസ് (25), ലീഗ് പ്രവർത്തകൻ സാദിഖ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
12ാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി ആദർശിന്റെ വിജയ ആഹ്ലാദ പ്രകടനത്തിനിടെ നവാസിന്റെ വീടിന് നേരെ പടക്കം പൊട്ടിക്കുകയും ജനൽ ഗ്ലാസ് എറിഞ്ഞു തകർക്കുകയും ചെയ്തുവെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. ഇതിന് സമീപത്തായി മറ്റൊരു റോഡിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൽ ഹമീദിന്റെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത ചിലർ നവാസിന്റെ വീട് ആക്രമിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുന്നതിനിടെ ഇരുവിഭാഗം പ്രവർത്തകരും ആയുധങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. അതേസമയം ആഹ്ലാദ പ്രകടനത്തിനിടെ എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ബി.ജെ.പി പ്രവർത്തകരുടെ പരാതി.