
നെടുമങ്ങാട്: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന ജില്ലാ പോക്സോ കോടതി പുതുവത്സര സമ്മാനമായി നെടുമങ്ങാട് പ്രവർത്തനം ആരംഭിക്കും. ജനുവരി 4നും 7നും ഇടയിലുള്ള തീയതി ഉദ്‌ഘാടനത്തിന് നിശ്ചയിക്കാൻ ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള നെട്ട കമ്മ്യൂണിറ്റി ഹാളിൽ ചേംബർ, ഡയസ്, കോർട്ട് ഹാൾ, പ്രതിക്കൂട്, സാക്ഷിക്കൂട്, ഓഫീസ് എന്നിവ സജ്ജീകരിച്ചു കഴിഞ്ഞു. ഫർണിച്ചറും മറ്റു സാമഗ്രികളും വാങ്ങിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാവും ഉദ്‌ഘാടനം സംഘടിപ്പിക്കുക. ജില്ലാ ജഡ്ജി, ശിരസ്തദാർ, പബ്ലിക് പ്രോസിക്യൂട്ടർ, ക്ളാർക്കുകൾ, ടൈപ്പിസ്റ്റുകൾ തുടങ്ങി മുഴുവൻ തസ്തികകളിലേക്കും നിയമനവും പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി 28 പോക്സോ കോടതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറു മാസം മുമ്പാണ് നെടുമങ്ങാട്ട് ജില്ലാ കോടതി അനുവദിച്ചത്. അന്താരാഷ്ട്ര വേൾഡ് മാർക്കറ്റ് സമുച്ചയത്തിൽ സൗകര്യം ഒരുക്കാനായിരുന്നു ആദ്യഘട്ടത്തിൽ ആലോചന. വാടകയെ ചൊല്ലിയുള്ള തർക്കം നിമിത്തം നടപടികൾ നീണ്ടു പോവുകയായിരുന്നു. നെടുമങ്ങാടിനൊപ്പം അനുവദിച്ച ആറ്റിങ്ങൽ പോക്സോ കോടതി പ്രവർത്തനം ആരംഭിച്ചിട്ടും ഇവിടെ ഫയലുകൾക്ക് അനക്കം വച്ചില്ല. നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കോലിയക്കോട് മോഹൻകുമാറിന്റെ നേതൃത്വത്തിൽ മുൻ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നെട്ടയിലെ കമ്മ്യൂണിറ്റി ഹാൾ വിട്ടുകൊടുത്തത്. ഇവിടെ പശ്ചാത്തലമൊരുക്കാൻ ഫണ്ടില്ലെന്ന് കോടതി വകുപ്പ് അറിയിച്ചതിനെ തുടർന്ന് ഫ്രണ്ട് റൂം, ഓഫീസ്, പൊതുടോയ്‌ലറ്റ് എന്നിവ സജ്ജീകരിക്കുന്നതിന്റെ ചെലവ് നഗരസഭ വഹിക്കാൻ തീരുമാനിച്ചു. ജഡ്ജുമാരുടെയും ബാർ അസോസിയേഷൻ ഭാരവാഹികളുടെയും സംഘം കഴിഞ്ഞ ദിവസം കോടതി ക്രമീകരണങ്ങൾ നേരിൽക്കണ്ട് വിലയിരുത്തി.
കേസുകളിൽ ഉടനടി തീർപ്പ്
വിചാരണ കാലതാമസം കാരണം നീതി ഉറപ്പാക്കാൻ വൈകുന്ന പോക്സോ കേസുകളിൽ ഉടനടി തീർപ്പ് കല്പിക്കാൻ പുതിയ കോടതി വഴിയൊരുക്കും. നെടുമങ്ങാട് ഡിവിഷനിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പ്രതിവർഷം അഞ്ഞൂറോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി സൂചന. മജിസ്‌ട്രേറ്റ് കോടതി -2, മുനിസിഫ് കോടതി -2, സബ് കോടതി, ജില്ലാ കുടുംബ കോടതി, ജില്ലാ വനം കോടതി എന്നിവയാണ് നെടുമങ്ങാട്ട് പ്രവർത്തിക്കുന്ന കോടതികൾ. വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണൽ കോടതി (എം.എ.സി.ടി) തസ്തിക അനുവദിക്കാതെ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. പോക്സോ കോടതി യാഥാർത്ഥ്യമാവുന്നതോടെ ഒമ്പത് ജില്ലാ കോടതികളുടെ കേന്ദ്രമായി നെടുമങ്ങാട് മാറും. പത്താംകല്ലിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കാൻ സ്ഥലം അനുവദിക്കണമെന്ന് അഭിഭാഷകരും നാട്ടുകാരും സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.
കോടതിയ്ക്കായി ഒരുക്കിയിരിക്കുന്നത്
ചേംബർ
ഡയസ്
കോർട്ട് ഹാൾ
പ്രതിക്കൂട്
സാക്ഷിക്കൂട്
ഓഫീസ്
കോടതിയിലുള്ള തസ്തികകൾ
ജില്ലാ ജഡ്ജി
ശിരസ്തദാർ
പബ്ലിക് പ്രോസിക്യൂട്ടർ
ക്ളാർക്കുകൾ
ടൈപ്പിസ്റ്റുകൾ