
നെയ്യാറ്റിൻകര: അമരവിള പാലത്തിനടുത്ത് മാലിന്യ നിക്ഷേപം രൂക്ഷം. പുതിയ പാലത്തിനടുത്തുള്ള പുൽച്ചെടികൾ നിറഞ്ഞ സ്ഥലത്താണ് അറവ് മാലിന്യങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് സമീപത്തെ വീടുകൾക്കും കിണറുകൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. നെയ്യാറ്റിൻകര നഗരസഭയിലെ അറവുശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും സംഭരിക്കുന്ന അറവ് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഇവിടെ നിക്ഷേപിക്കുന്നതെന്നാണ് ആക്ഷേപം. ചാക്കിൽ കെട്ടി ഇവ നിക്ഷേപിക്കുന്നതിനാൽ രൂക്ഷമായ ദുർഗന്ധവും ഈച്ച, കൊതുക് തുടങ്ങിയവയുടെ ശല്യവും ഉണ്ട്. മാസങ്ങൾക്ക് മുമ്പ് ഇവിടെ നിറഞ്ഞ മാലിന്യങ്ങൾ നഗരസഭ നീക്കം ചെയ്തിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് മാലിന്യ നിക്ഷേപം വീണ്ടും രൂക്ഷമായത്. മാലിന്യങ്ങൾ ഭക്ഷിക്കാനായി കാക്കകളും നായ്ക്കളും എത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഇത്തരത്തിൽ മാലിന്യം കുമിഞ്ഞ് കൂടുന്നത് പകർച്ചവ്യാധി ഭീഷണിയുണ്ടാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കാക്കകൾ മാലിന്യം കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും മറ്റ് ജലാശയങ്ങളിലും കൊണ്ടിടുന്നതിനാൽ കുടിവെള്ളം മലിനമാകുന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്തരത്തിൽ മാലിന്യം വീണതുകാരണം കിണറുകൾ പലതവണയായി വൃത്തിയാക്കേണ്ടി വന്ന സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. മാലിന്യ നിക്ഷേപം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.