
ശിവഗിരിയിൽ എത്തുന്നവർക്ക് ഔഷധ ഗുണമുളള വെള്ളത്തിൽ മുങ്ങിക്കുളിക്കാം. അറിവിന്റെ ദേവതയായ ശാരദാദേവിയെ വന്ദിക്കാം. അറിവ് പകർന്ന് പോകാം. അറിവിന്റെ സംവേദമാണ് ഗിവഗിരി തീർത്ഥാടനത്തിന്റെ പ്രസാദം. ശിവഗിരി തീർത്ഥാടനം കൊണ്ട് ഗുരുദേവൻ ഉദ്ദേശിച്ചത് അറിവ് നേടി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്. പഞ്ചശുദ്ധിയും വിവിധ വിഷയങ്ങളെക്കുറിച്ചുളള സമ്മേളനങ്ങളും കൊണ്ട് സമ്പന്നമാകുന്നത് നമ്മുടെ മനസാണ്. അതാണ് ശിവഗിരി തീർത്ഥാടനത്തെ വ്യത്യസ്തമാക്കുന്നത്.
ഗുരുദേവന്റെ അനുഗ്രഹത്തോടും ആശീർവാദത്തോടും രൂപം കൊണ്ട ശിവഗിരി തീർത്ഥാടനം പ്രവൃത്തി പഥത്തിൽ എത്തിയത് ഗുരുദേവന്റെ സമാധിക്ക് ശേഷം. അഞ്ച് പേർ തുടങ്ങി വച്ചത് ഇന്ന് ലക്ഷത്തിൽ ചെന്ന് നിൽക്കുന്നു. ഗിവഗിരി തിർത്ഥാടനം ഗുരുദേവന്റെ സന്ദേശങ്ങളിൽ അവസാനത്തേതായിരുന്നു. വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരും ടി.കെ. കിട്ടൻ റൈട്ടറും ഒരുമിച്ച് അപേക്ഷിച്ചതിന്റെ ഫലമാണിത്. 1928 ജനുവരി 11- ാം തീയതി ഗുരുദേവൻ കോട്ടയം നാഗമ്പടം ശിവക്ഷേത്ര മൈതാനത്തുളള തേന്മാവിൻ ചുവട്ടിൽ കസേരയിൽ വിശ്രമിക്കുമ്പോൾ റൈട്ടറും വൈദ്യരും കൂടി ഗുരുസന്നിധിയിൽ ചെന്ന് താഴ്മയായി വണങ്ങി. റൈട്ടറുടെ കൈവശം എഴുതി തയ്യാറാക്കിയ ഒരു സന്ദേശം ഉണ്ടായിരുന്നു ഗുരുദേവന്റെ മുന്നിൽ വായിക്കാൻ. ഗുരുദേവന്റെ അനുവാദത്തോടെ റൈട്ടർ വായിച്ചു. തുടർന്ന് ശിവഗിരി തീർത്ഥാടനത്തിനുളള അനുവാദം നൽകിക്കൊണ്ട് ഗുരു നടത്തിയ സംഭാഷണം പ്രസിദ്ധമാണ്.
തീർത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശ്യം എന്താണ് എന്നതിന് ഗുരുദേവൻ കൈവിരലുകൾ ഒന്ന് ഒന്നായി മടക്കി എണ്ണിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. 1. വിദ്യാഭ്യാസം, 2. ശുചിത്വം, 3. ഈശ്വര ഭക്തി, 4. സംഘടന, 5. കൃഷി, 6. കച്ചവടം, 7. കൈത്തൊഴിൽ, 8. സാങ്കേതിക ശാസ്ത്ര പരിശീലനങ്ങൾ. ഈ വിഷയങ്ങളെപ്പറ്റിയെല്ലാം പ്രസംഗ പരമ്പര നടത്തണം. ഓരോ വിഷയത്തിലും വൈദഗ്ദ്ധ്യമുളളവരെ ക്ഷണിച്ച് വരുത്തി പ്രസംഗിപ്പിക്കണം. ജനങ്ങൾ അച്ചടക്കത്തോടെ ഇരുന്ന് ശ്രദ്ധിച്ച് കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ യത്നിക്കണം. അതിൽ വിജയം വരിക്കുകയും വേണം. അപ്പോൾ ജനങ്ങൾക്കും രാഷ്ട്രത്തിനും അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകും. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ലക്ഷ്യം അതായിരിക്കണം. മനസിലായോ? എല്ലാം കുറിച്ച് എടുത്തിട്ടുണ്ടല്ലോ?
റൈട്ടർ: എല്ലാം കുറിച്ചെടുത്തിട്ടുണ്ട് മനസിലായി.
റൈട്ടർ: തീർത്ഥാടകർ ശിവഗിരിയിൽ വരുമ്പോൾ സ്വാമിയുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.
ഇതുകേട്ട് അടുത്തുനിന്ന നരസിംഹ സ്വാമിയെ നോക്കി ഗുരുദേവൻ ഒന്ന് മന്ദഹസിച്ചു.
1928-ലാണ് തീർത്ഥാടനത്തിനുളള അനുമതി ലഭിച്ചതെങ്കിലും ഗുരുവിന്റെ സമാധിക്ക് ശേഷം 1932 -ൽ മാത്രമേ അത് പ്രാവർത്തികമായുളളൂ. സരസ കവി മൂലൂർ എസ്. പത്മനാഭപണിക്കരാണ് ആദ്യത്തെ തീർത്ഥാടനത്തിന്റെ സൂത്രധാരൻ. തീർത്ഥാടനം അവനവനിലേക്ക് അവൻ തന്നെ നടത്തുന്ന യാത്രയാണ് - കബീർ ദാസ് പറഞ്ഞു: നിങ്ങൾ എവിടെയാണ് എന്നെ തിരക്കുന്നത്? ഞാൻ അമ്പലങ്ങളിലല്ല, പള്ളികളിലല്ല, കാബയിലല്ല, കൈലാസത്തിലല്ല. പിന്നെയോ ഞാൻ നിങ്ങളുടെ ജീവന്റെ ജീവനാണ്.
( ലേഖകന്റെ ഫോൺ -9447015051)