
*300ൽ അധികം പഞ്ചായത്തുകളിൽ കൂടി പ്രാതിനിധ്യം
കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്നും ,ബി.ജെ.പി സഖ്യത്തിന് സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ട് നേടാനായെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. .
പാലക്കാട് നഗരസഭയിൽ വൻ വിജയം നേടി പന്തളം നഗരസഭയും പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിലും വർക്കലയിലും നേരിയ സീറ്റിനാണ് ഭരണം നഷ്ടപ്പെട്ടത്. മലപ്പുറം ജില്ലയൊഴികെ, കേരളത്തിലെ ഏതാണ്ടെല്ലാ നഗരസഭകളിലും ബി.ജെ.പി പ്രതിനിധികളുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ 300ൽ അധികം പഞ്ചായത്തുകളിൽ പ്രാതിനിധ്യം ലഭിച്ചു.
എൻ.ഡി.എയ്ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം ത്രികോണ മത്സരത്തിന് പകരം ബി.ജെ.പിയും രണ്ട് മുന്നണികളിലൊന്നുമായി നേരിട്ടുള്ള മത്സരമായിരുന്നു. ഇരുമുന്നണിയും പരസ്പരം വോട്ടു മറിച്ചതുകൊണ്ടാണ് 1200 സീറ്റുകളിൽ ബി.ജെ.പി നേരിയ വോട്ടിന് രണ്ടാം സ്ഥാനത്തായത്. സി.പി.എം ശക്തികേന്ദ്രമായ തലശ്ശേരി നഗരസഭയിലെ കുയ്യാലി വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥി യു.ഡി.എഫിനോട് 34 വോട്ടിന് തോറ്റപ്പോൾ , എൽ.ഡി.എഫിന് 70 വോട്ട് മാത്രമാണ് കിട്ടിയത്. സി.പി.എം ഇവിടെ യു.ഡി.എഫിന് വോട്ടുമറിച്ചു. വോട്ട് മറിക്കലിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തലയാണ്. യാദവ കുലം പോലെ ബി.ജെ.പി തകരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനം വോട്ട് മാറ്റിച്ചെയ്യാൻ അണികൾക്കുള്ള സന്ദേശമായിരുന്നു. എന്നാൽ, ബി.ജെ.പിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫിനെ പിന്തുണച്ച യു.ഡി.എഫിന്റെ കഥ കഴിയുകയാണ് . ബി.ജെ.പിയെ തകർക്കാൻ എൽ.ഡി.എഫുമായി ധാരണയുണ്ടാക്കിയ തിരുവനന്തപുരം കോർപറേഷനിൽ 75 വാർഡുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി.
'ഞങ്ങൾക്കനുകൂലമായി ജനവിധിയുള്ള പഞ്ചായത്തുകളിൽ നിങ്ങൾ ഒരുമിച്ച് ഭരിച്ചാൽ ചില കാര്യങ്ങൾ ഞങ്ങൾക്കും സ്വീകരിക്കേണ്ടിവരും. പല കൊലകൊമ്പന്മാരും അടുത്ത നിയമസഭ കാണില്ല '-കെ.സുരേന്ദ്രൻ പറഞ്ഞു.