തിരുവനന്തപുരം: 80ാം വാർഷികം ആഘോഷിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പുതിയ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11.30നാണ് നഗരസഭ കൗൺസിൽ ഹാളിൽ 100 അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. തിരഞ്ഞെടുത്ത അംഗങ്ങളിൽ 2 പേരാണ് നിലവിൽ 70 വയസിന് മുകളിലുള്ളത്. പാൽകുളങ്ങര വാർഡിൽ നിന്ന് വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി പി. അശോക് കുമാറും ചാക്ക വാർഡിൽ നിന്നും വിജയിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. ശാന്തയും. തലമുതിർന്ന് അംഗമാണ് മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത്. എന്നാൽ രണ്ട് പേർക്കും ഒരേ പ്രായമെന്ന അഭ്യൂഹം പരന്നപ്പോൾ വരണാധികാരി തന്നെ ജനനത്തീയതി പരിശോധിച്ച് പി. അശോക് കുമാറാണ് സീനിയർ കൗൺസിലറെന്ന് സ്ഥിരീകരിച്ചു. ഇന്ന് പി. അശോക് കുമാർ കൗൺസിലർമാർക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. കളക്ടർ ഡോ. നവജ്യോത് ഖോസെയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. കളക്ടർ ആദ്യം പി. അശോക് കുമാറിന് സത്യാവാചകം ചൊല്ലിക്കൊടുക്കും തുടർന്നാണ് അശോക് കുമാർ ബാക്കി 99 പേർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. നിലവിൽ നഗരസഭയിൽ 52 സീറ്റ് എൽ.ഡി.എഫിനും 35 സീറ്റ് ബി.ജെ.പിക്കും 10 സീറ്റ് യു.ഡി.എഫിനും 3 സീറ്റ് സ്വതന്ത്രമാർക്കുമാണ്.
സത്യപ്രതിജ്‌ഞാ ക്രമീകരണങ്ങൾ
കൗൺസിലർക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാർട്ടിയിലെ അംഗമോ ആയ ഒരാളെ മാത്രമേ ഹാളലേക്ക് പ്രവേശിപ്പിക്കു
പൊതുജനത്തിന് സത്യപ്രതിജ്‌ഞാ ചടങ്ങ് പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ സ്ക്രീനിൽ ലൈവായി കാണാം
നഗരസഭയുടെ ഫെയ്സ് ബുക്ക് പേജുകളിലും തത്സമയം കാണാം
100ൽ ഒരാൾക്ക് കൊവിഡ്
ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിൽ ഒരംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതാനാൽ പി.പി.ഇ കിറ്റ് ധരിച്ചാകും സത്യപ്രതിജ്ഞയ്ക്കെത്തുക. കുടപ്പനകുന്ന് വാർഡിൽ നിന്നും വിജയിച്ച എൽ.ഡി.എഫിലെ എസ്. ജയചന്ദ്രൻ നായർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പി.പി.ഇ കിറ്റ് അണിഞ്ഞ് സത്യപ്രതിജ്ഞയ്ക്കെത്തുന്നത്. ഇദ്ദേഹത്തിന് അവസാനം സത്യപ്രതിജ്ഞ ചെയ്യുവാനാണ് നിർദ്ദേശം. കൊവിഡ് സ്ഥിരീകരിച്ചവർ പി.പി.ഇ കിറ്റ് അണിഞ്ഞ് സത്യപ്രതിജ്ഞയ്ക്കെത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.