
തിരുവനന്തപുരം: അരുവിക്കരയിൽ അമൃത് പദ്ധതി പ്രകാരം സജ്ജമാക്കുന്ന പുതിയ ജല ശുദ്ധീകരണശാലയുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി. അവശേഷിക്കുന്ന വൈദ്യുത കണക്ഷന്റെ ജോലികൾ ഇൗ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നും പ്ലാന്റ് പുതുവർഷമാദ്യം പ്രവർത്തനമാരംഭിക്കുമെന്നും ജല അതോറിട്ടി അധികൃതർ അറിയിച്ചു. പുതിയ പ്ലാന്റിൽ നിന്നും തലസ്ഥാന നഗരത്തിലേക്കുള്ള കുടിവെള്ള പൈപ്പുകളിലേക്ക് കണക്ഷൻ നൽകുന്ന ജോലികൾ ശനിയാഴ്ച പൂർത്തിയായിരുന്നു. കഴക്കൂട്ടം, കവടിയാർ, പോങ്ങുംമൂട് എന്നീ സെക്ഷനുകളിലെ കുടിവെള്ളം പ്രശ്നം ഇന്നലെ വൈകിട്ടോടെ പരിഹരിച്ചു. ജിക്ക പദ്ധതിപ്രകാരം സ്ഥാപിച്ച പൈപ്പുകളിലേക്കാണ് പുതിയ പ്ലാന്റിൽ നിന്നുള്ള കണക്ഷനുകൾ നൽകിയിരിക്കുന്നത്. തിരുമല, പേരൂർക്കട ജലസംഭരണികളിലേക്കുള്ള 1400 എം.എം പൈപ്പുകളിലൂടെയാണ് അരുവരിക്കര നിന്നും വെള്ളം എത്തിക്കുന്നത്. തിരുമലയിൽ നിന്നും നേമം ഭാഗത്തേക്കും വെള്ളയമ്പലം, ഒബ്സർവേറ്ററി ഭാഗത്തേക്കും വെള്ളം എത്തിക്കും. പേരൂർക്കടയിൽ കവടിയാർ, ശ്രീകാര്യം ഭാഗത്തേക്കും വെള്ളം നൽകും. നിലവിലുള്ളതിനേക്കാൾ കൂടുതൽ വെള്ളം എത്തുന്നതോടെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നതിന്റെ ശക്തി കൂടും. വാൽവുകൾ അടച്ച് ദിവസേന ഓരോ പ്രദേശത്തേക്കും വെള്ളം മാറി മാറി നൽകുന്നതും ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 75 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തിലേക്ക് അധികമായി എത്തും ആറ്റുകാൽ, വഴുതയ്ക്കാട്, വെള്ളയമ്പലം പ്രദേശത്തും കവടിയാർ, പേരൂർക്കട, ഉള്ളൂർ ഭാഗത്തും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. നിലവിൽ 280 ദശലക്ഷം ലിറ്റർ വെള്ളമാണ് തലസ്ഥാന നഗരത്തിലേക്ക് അരുവിക്കര നിന്നും നൽകുന്നത്. അരുവിക്കരയിൽ 72,86,74 എന്നി എം.എൽ.ഡികളിലുള്ള മൂന്ന് പ്ലാന്റും വെള്ളയമ്പലത്ത് 28 എം.എൽ.ഡിയുടെ ശുദ്ധീകരണ പ്ലാന്റുമാണുള്ളത്.
ശരാശരി 300 ദശലക്ഷം ലിറ്ററിലേറെ വെള്ളം പ്രതിദിനം നഗരത്തിലേക്ക് വേണം
2.80 ലക്ഷം കുടിവെള്ള കണക്ഷനുകളാണ് നഗരത്തിലുള്ളത്.
പുതിയ പ്ലാന്റ് കൂടി വരുന്നതോടെ 350 ദശലക്ഷം ലിറ്ററിലേറെ കുടിവെള്ളം ലഭിക്കും.
കൂടുതലുള്ള ജലം സമീപ പഞ്ചായത്തുകളിലേക്കും വിതരണം ചെയ്യും.
പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരുവനന്തപുരം കോർപ്പറേഷന്റെയും സഹകരണത്തോടെ
ചെലവ് 56 കോടി രൂപ