
 മുല്ലപ്പള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിൽ ഹൈക്കമാൻഡിന് 'അതൃപ്തി"
 സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് നേതാക്കളുടെ അവിഹിത ഇടപെടൽ
തിരുവനന്തപുരം:കെ. സുധാകരനും കെ. മുരളീധരനും അനുകൂലമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്റർ യുദ്ധങ്ങളടക്കം സജീവമാണെങ്കിലും ,കെ.പി.സി.സിയിൽ ഇപ്പോൾ നേതൃമാറ്റമുണ്ടാവില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രമായി വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്.
പാർട്ടി നേതൃത്വത്തെ ക്ഷീണിപ്പിക്കുന്ന പരസ്യ പ്രസ്താവനകൾ വിലക്കുന്ന വാർത്താക്കുറിപ്പ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ ഇറക്കിയത് അതിന്റെ സൂചനയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ്, വ്യക്തി താല്പര്യങ്ങൾ വൻതോതിൽ കടന്നുകയറിയത് വിനയായെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തെക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്തും കൊല്ലത്തും മറ്റും മുതിർന്ന കെ.പി.സി.സി ഭാരവാഹികൾ സ്ഥാനാർത്ഥി നിർണയത്തിൽ മെറിറ്റ് പാടേ അപ്രസക്തമാക്കി അതിരുവിട്ട് ഇടപെട്ടെന്ന് പരാതികളുണ്ടായി. കൊല്ലത്ത് ഡി.സി.സി നേതൃത്വം പോലും നിസഹായമായി. ബാഹ്യ ഇടപെടലുകളില്ലാതെ കൃത്യമായ മാനദണ്ഡപ്രകാരം സ്ഥാനാർത്ഥി നിർണയം നടന്ന മേഖലകളിലെല്ലാം കോൺഗ്രസ് നല്ല വിജയം നേടി. ഇരട്ടക്കൊല നടന്ന കാസർകോട് പെരിയയിലെയും മറ്റും വിജയങ്ങൾ അതിന് തെളിവായി നേതൃത്വം കാണുന്നു.
നിരവധി കെ.പി.സി.സി ഭാരവാഹികളുള്ള കൊല്ലം ജില്ലയിൽ നേതാക്കൾ തമ്മിൽ അടുപ്പമില്ലെന്ന ആക്ഷേപം ശക്തമാണ്. പല ജില്ലകളിലും ഗ്രൂപ്പ് മത്സരങ്ങളും ഗ്രൂപ്പിനകത്തെ ഗ്രൂപ്പ് വടംവലികളും സംഘടനയെ ബാധിച്ചിട്ടുണ്ട്. മുൻപ് ബൂത്തുകളിലിരിക്കാൻ യൂത്ത് കോൺഗ്രസുകാർ സജീവമായിരുന്നു. ഇപ്പോൾ പല ജില്ലകളിലും യൂത്ത് കോൺഗ്രസ് നിർജ്ജീവമാണ്. ആലപ്പുഴയിലും മറ്റും യൂണിറ്റ്, മണ്ഡലം കമ്മിറ്റികൾ പോലുമില്ല. സി.പി.എമ്മിന്റെ ബൂത്തുകളിൽ ഡി.വൈ.എഫ്.ഐക്കാരും മറ്റും സജീവമായപ്പോൾ, കോൺഗ്രസിന് പലേടത്തും അത് സാധിച്ചില്ല.
വെൽഫെയർ പാർട്ടി ബന്ധത്തിന്റെ പേരിൽ കെ.പി.സി.സി അദ്ധ്യക്ഷനെതിരെ വാളോങ്ങുന്നതിലും അതൃപ്തിയുണ്ട്. ഹൈക്കമാൻഡിന്റെ രാഷ്ട്രീയ നിലപാടാണ് മുല്ലപ്പള്ളിയും,എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും താരിഖ് അൻവറും പറഞ്ഞത്. അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ആശാസ്യമല്ല.
ക്രൈസ്തവ മേഖലയിലെ വിശ്വാസക്കുറവ്, കണ്ണൂർ ജില്ലയിൽ യു.ഡി. എഫിന് സ്വാധീനമുള്ള മലയോര കേന്ദ്രങ്ങളിലടക്കം തിരിച്ചടിയുണ്ടാക്കി. കണ്ണൂർ കോർപ്പറേഷൻ മേഖലയിൽ മാത്രമാണ് നേട്ടമുണ്ടായത്. അത് മുൻപേ ഉള്ളതാണ്. അത് വലിയ നേട്ടമായി വ്യാഖ്യാനിക്കുന്നതിലും മറ്റ് താല്പര്യങ്ങളുണ്ടെന്ന സംശയമുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് കെ.പി.സി.സി മാനദണ്ഡം കൊണ്ടുവരുകയും ,എ, ഐ ഗ്രൂപ്പുകൾക്ക് തുല്യ പ്രാധാന്യത്തോടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ സമിതികളുണ്ടാക്കുകയും ചെയ്തിട്ടും തിരിച്ചടിയുണ്ടായി..എന്നിട്ടും, അതെല്ലാം മറന്ന് പ്രസിഡന്റിനെ പഴിക്കുന്നതിലെ വൈരുദ്ധ്യവും ചിലർ ചൂണ്ടിക്കാട്ടുന്നു.