വെഞ്ഞാറമൂട്: ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട ഗർഭിണിയായ പശുവിനെ വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നെല്ലനാട് കീർത്തനത്തിൽ റീനയുടെ പശുവാണ് തൊഴുത്തിന് സമീപമുള്ള കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാവിലെ 9.30നായിരുന്നു സംഭവം. തല മാത്രം പുറത്തേക്ക് ഉയർത്തിപ്പിടിച്ച നിലയിലായിരുന്നു പശു. കുഴിയിൽ അകപ്പെട്ട പശുവിനെ ഉടമയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് അഗ്‌നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പശുവിനെ കരയ്ക്ക് എത്തിക്കാൻ നീണ്ട പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജെ.സി.ബി എത്തിച്ച് ഹോസ് ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി കരകയറ്റുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർമാരായ ശ്രീകുമാർ, ജെ. രാജേന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ടി. രഞ്ജിത്ത്, അരുൺ മോഹൻ, എ. രഞ്ജിത്ത് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. പശുവിന് പരിക്കുകളില്ല.