
കല്ലറ: പുതു കാഴ്ചകൾ ഒരുക്കാൻ ടൂറിസം വകുപ്പിന്റെ പ്ലാനിംഗ് ഫണ്ട് ഉപയോഗിച്ച് അരുവിപ്പുറം ടൂറിസം പദ്ധതിക്ക് തുടക്കമായി. കല്ലറ പഞ്ചായത്തിലെ അരുവിപ്പുറത്ത് ഒരു കോടി നാല്പത്തി നാല് ലക്ഷം രൂപ ചെലവഴിച്ച് ആരംഭിക്കുന്ന ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് നടപടികളായി. വാമനപുരം നദിയോട് ചേർന്നു കിടക്കുന്ന അരുവിപ്പുറത്തെ രണ്ടര ഏക്കറോളം സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പുഴയും, പച്ചപ്പും, മലനിരകളും, പ്രകൃതി ഭംഗികൊണ്ടും മനോഹരമാണ് കല്ലറ പഞ്ചായത്തിലെ അരുവിപ്പുറം. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എന്നാൽ ഇവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.കെ. മുരളി എം.എൽ.എയുടെ പരിശ്രമത്താൽ ഫണ്ട് അനുവദിക്കുകയായിരുന്നു. കെ.ഇ.എലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. നടപ്പാത, വ്യൂ പോയിന്റ് വാച്ച് ടവർ, റെയിൻ ഷെൽട്ടർ, ടോയ്‌ലെറ്റ് സൗകര്യങ്ങൾ തുടങ്ങിയവ പദ്ധതിയിലുണ്ട്.
കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ
പ്ലാനിംഗ് ഫണ്ടാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടം
1.44 കോടി രൂപ ചെലവഴിക്കും