
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടും, പത്തും വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കപ്പാംവിള – കിടത്തിച്ചിറ - കരവായിക്കോണം റോഡ് നാട്ടുകാർക്കെന്നും ദുരിതമാണ്.
കഴിഞ്ഞ 10 വർഷമായി റോഡിൽ യാതൊരുവിധ നവീകരണ പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലമായാൽ കാൽനടയാത്ര പോലും ഇതുവഴി അസാദ്ധ്യമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 19 അപകടങ്ങളാണ് ഇവിടെ നടന്നത്.
റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായുള്ള നാട്ടുകാരുടെ മുറവിളിക്ക് ആശ്വാസമായി റോഡ് പണിക്ക് ടെൻഡറായെങ്കിലും പണി ഇഴഞ്ഞുനീങ്ങുകയാണ്. റോഡിലിറക്കിയിട്ട പാറ മൂന്ന് മാസം കഴിഞ്ഞിട്ടും നീക്കം ചെയ്യുകയോ പണി തുടങ്ങുകയോ ചെയ്യാതിരുന്നത് കാൽനട യാത്രപോലും ദുഷ്കരമാക്കി. തുടർന്ന് നാട്ടുകാർ തന്നെ പാറ ഒരുവശത്തേക്ക് മാറ്റിയിട്ടു.
റോഡ് നവീകരണം പൂർത്തിയാകാത്തതുമൂലം ഇതു വഴി പത്രം, പാൽ, മത്സ്യം തുടങ്ങിയവയുമായി വാഹനങ്ങൾ വരാതായതും നാട്ടുകാർക്ക് ബുദ്ധിമുട്ടായി. നിത്യേന നൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എട്ടാം വാർഡിലെയും, പത്താം വാർഡിലെയും പഞ്ചായത്തംഗങ്ങളുടെ നിസഹകരണമായിരുന്നു റോഡ് ഈ നിലയ്ക്കാകാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കുടവൂർ ഏലായിൽ കൃഷിക്ക് ആവശ്യമായ ട്രാക്ടറും, കൊയ്ത്ത് മെതി യന്ത്രങ്ങളും, വളങ്ങളും മറ്റും എത്തിക്കുന്നതിനും റോഡ് നവീകരണം പൂർത്തിയാകാത്തതുകൊണ്ട് സാധിക്കുന്നില്ല.