ആറ്റിങ്ങൽ: ഗവ. ഗേൾസ് എച്ച്.എസ്.എസിൽ കിഫ്ബി ഫണ്ടിൽ നിന്നുള്ള മൂന്നുകോടി രൂപ ചെലവിട്ട് നടക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ സ്റ്റേ ചെയ്‌തു. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടി കിരൺ കൊല്ലമ്പുഴ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 2013ൽ നിർമ്മിച്ച കെട്ടിടത്തിനു മുകളിലാണ് 2018ൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചത്. പരാതിയെ തുടർന്ന് 2019 നവംബറിൽ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ ഡോ. പി.ആർ. ബീനയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം പരിശോധന നടത്തി ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ആറു മാസത്തിനു മുമ്പ് മറ്റൊരു വിദഗ്ദ്ധസംഘവും പരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു.