mahesh

ആലുവ: മോഷ്ടിച്ച ബൈക്കുമായി മോഷണത്തിനിറങ്ങിയ രണ്ടു പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (25) എന്നിവരാണ് ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് പിടിയിലായത്.മോഷ്ടിച്ചെടുത്ത ലാപ്പ് ടോപ്പ്, മൊബൈൽ ഫോണുകൾ, സ്വർണമാല, ചെറിയ വിഗ്രഹം എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.ബൈക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ചതാണ്. വീടുകുത്തിത്തുറക്കാനുള്ള ആയുധവും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പിറവം പാഴൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ മഹേഷ് പ്രതിയാണ്. ആലുവ, ഹിൽപ്പാലസ്, സെൻട്രൽ, വടക്കേക്കര, കുന്നത്തുനാട്, മട്ടന്നൂർ, കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. ബൈജുവിനെതിരെ വടക്കേക്കര സ്റ്റേഷനിൽ കേസുണ്ട്. മഹേഷും ബൈജുവും പരിചയപ്പെട്ടിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ഇതിനു മുമ്പ് തമിഴ്നാട് സ്വദേശിയുമായി ചേർന്ന് ട്രെയിനിലും മറ്റും മോഷണം നടത്തിയതിന്റെ വീതം കിട്ടിയ വസ്തുക്കളാണ് കൈവശമുണ്ടായിരുന്നതെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു.

ആലുവയിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ മോഷ്ടാക്കൾക്കെതിരെ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.