
വെള്ളറട: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാറയിലിടിച്ച് മറിഞ്ഞ് ബന്ധുക്കളായ രണ്ടു സ്ത്രീകൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. വെള്ളറട കുരിശുമല സംഗമ വേദിക്ക് സമീപം ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. പാറശാല കുറുങ്കുട്ടി കന്നുമാംവിള വീട്ടിൽ പരേതനായ ശശിയുടെ ഭാര്യ രാധാമണി (60), പാറശാല കുറുങ്കുട്ടി സുമംഗലത്തിൽ പരേതനായ പ്രേമചന്ദ്രന്റെ ഭാര്യ സുമ (47 ) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുമയുടെ അച്ഛന്റെ അനുജന്റെ മകൻ പാറശാല കരുമാനൂർ ആറ്റൂർവിളാകം സരസ മന്ദിരത്തിൽ സജിത്കുമാർ (34) ഓട്ടോ ഡ്രൈവർ പാറശാല കുറുങ്കുട്ടി സ്വദേശി പരമേശ്വരൻ (70 ) എന്നിവരെ പരിക്കുകളോടെ പാറശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. വെള്ളറട പൊലീസ് കേസെടുത്തു.
സജിത്കുമാറിനായി പെണ്ണുകാണൽ ചടങ്ങിന് പങ്കെടുത്ത് തിരികെ വരവെ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ കുരിശുമല റോഡിൽ ഏഴാം കുരിശിനുസമീപം റോഡിലെ ഇറക്കം ഇറങ്ങുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് പാറയിലിടിച്ചത്. നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ സുമയെയും രാധാമണിയെയും കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
തൊഴിലുറപ്പ് തൊഴിലാളിയാണ് രാധാമണി. ഗിരീഷ്, രതീഷ് എന്നിവർ മക്കളാണ്. സുമയുടെ മക്കൾ: രേവതി, രേഷ്മ. മരുമകൻ രതീഷ് ലാൽ. ഇരുവരുടെയും മൃതദേഹം വെള്ളറട പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റു മോർട്ടത്തിനു ശേഷം സംസ്കരിക്കും.