
ഏപ്രിൽ വരെയുള്ള സൗജന്യ കിറ്റിൽ കൂടുതൽ ഇനങ്ങൾക്ക് സാദ്ധ്യത
മുൻഗണനക്കാർക്കുള്ള കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യവും തുടർന്നേക്കും
തിരുവനന്തപുരം: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സൗജന്യ അന്ന വിതരണം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയും എൽ.ഡി.എഫും ശക്തമായ പ്രചാരണായുധമാക്കും. പൊതുവിതരണ കേന്ദ്രങ്ങൾ വഴി പരമാവധി സൗജന്യ അരിയും ഭക്ഷ്യവസ്തുക്കളും ഏപ്രിൽ വരെ നൽകാനാണ് ശ്രമം. മാർച്ചിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. ഏപ്രിലിലാവും വോട്ടെടുപ്പ്.
സൗജന്യ ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച് കൃത്യമായി നൽകിയതും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ സഹായിച്ചതായാണ് സർക്കാരിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ മുൻഗണനാ കാർഡുടമകൾക്ക് കൊവിഡ് കാലത്ത് കേന്ദ്രം സൗജന്യമായി അരിയും കടലയും നൽകിയത് ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചെന്ന് സംസ്ഥാന, ദേശീയ നേതൃത്വങ്ങളും വിലയിരുത്തുന്നു.
ഈ മാസം ക്രിസ്‌മസ് കിറ്റിനു പുറമെ, ഏപ്രിൽ വരെ എല്ലാ മാസവും സൗജന്യഭക്ഷ്യക്കിറ്റ് വിതരണം തുടരാൻ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അതിനൊപ്പം, ലോക്ക് ഡൗൺ കാലത്ത് ഏപ്രിൽ, മേയ് മാസങ്ങളിൽ നൽകിയതു പോലെ മുൻഗണനേതര കാർഡുകാർക്ക് (നീല, വെള്ള) പത്തു കിലോ വീതം അരി 15 രൂപ നിരക്കിൽ നൽകും. സൗജന്യ കിറ്റിൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്താനും, മുൻഗണനാ വിഭാഗങ്ങൾക്ക് (പിങ്ക്, മഞ്ഞ) സൗജന്യ ധാന്യം നൽകാനുമുള്ള പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്. കൊവിഡിൽ നിന്ന് പൂർണമായി മുക്തമായില്ലെങ്കിൽ ഏപ്രിലിൽ വിഷുക്കിറ്റ് എന്ന പേരിലാവും സൗജന്യഭക്ഷ്യക്കിറ്റ്.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിന് ഏപ്രിൽ മുതൽ നവംബർ വരെ സൗജന്യമായി കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരിയും കാർഡൊന്നിന് ഒരു കിലോ കടല അല്ലെങ്കിൽ പയറുമാണ് നൽകിയത്. ഈ സൗജന്യം തുടരാനുള്ള ധാന്യം ഫുഡ് കോർപ്പറേഷനിലുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് ഇതുൾപ്പെടെയുളള കേന്ദ്ര പദ്ധതികൾ വോട്ടർമാരെ ബോദ്ധ്യപ്പെടുത്തണമെന്ന് ബി.ജെ.പി കീഴ്ഘടകങ്ങളോട് നിദ്ദേശിച്ചിട്ടുണ്ട്.
സൗജന്യം ടൺ കണക്കിന്
ഏപ്രിലിൽ സംസ്ഥാന സർക്കാർ എല്ലാ കാർഡ് ഉടമകൾക്കും സൗജന്യമായി നൽകിയത് 89,285 ടൺ അരിയാണ്. ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെ കേന്ദ്രം സൗജന്യമായി സംസ്ഥാനത്ത് വിതരണം ചെയ്തത് 5,99,000 ടൺ അരി. കേന്ദ്രവും സംസ്ഥാനവും ഇത്രയധികം അരി സൗജന്യമായി നൽകുന്നത് ആദ്യമാണ്.ഇതുവരെ സൗജന്യ ഭക്ഷ്യകിറ്റ് നൽകാൻ ( ക്രിസ്‌മസ് കിറ്റ് ഒഴികെ ) സംസ്ഥാന സർക്കാർ ചെലവിട്ടത് 2,784 കോടി രൂപ.
തമിഴ്നാട്ടിൽ പൊങ്കൽ സമ്മാനം: 2,500 രൂപയും ഭക്ഷ്യക്കിറ്റും
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊങ്കലിന് തമിഴ്നാട്ടിലെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും 2,500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പ്രഖ്യാപിച്ചു. ജനുവരി നാല് മുതൽ റേഷൻ കടകളിലൂടെയാണ് പണവും കിറ്റും നൽകുക. സേലത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു പ്രഖ്യാപനം.
ഒരു കിലോ വീതം അരിയും പഞ്ചസാരയും 20 ഗ്രാം വീതം കശുഅണ്ടിയും ഉണക്കമുന്തിരിയും, ഒരു മുഴുവൻ കരിമ്പ്, 8 ഗ്രാം ഏലയ്ക്ക എന്നിവയാണ് കിറ്റിലുണ്ടാകുകയെന്നും പളനിസാമി പറഞ്ഞു.
വീടുകളിൽ ടോക്കണുകൾ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്ന തീയതിയും സമയവും ടോക്കണിലുണ്ടാകും.
കൊവിഡ് വ്യാപനം ഉണ്ടായപ്പോൾ ഏപ്രിൽ മുതൽ ജൂൺ വരെ സൗജന്യ ഭക്ഷ്യക്കിറ്റിനൊപ്പം ആയിരം രൂപ വീതം വിതരണം ചെയ്തിരുന്നു. തമിഴ്നാട്ടിൽ സൗജന്യ വിതരണം മിക്കപ്പോഴും വോട്ടായി മാറിയിട്ടുണ്ട്.