
തിരുവനന്തപുരം: തദ്ദേശ വിജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും അമ്പരപ്പിക്കുന്ന വിജയം നേടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജനപ്രിയ ബഡ്ജറ്റിനുള്ള ഒരുക്കങ്ങൾ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആരംഭിച്ചു. ജനുവരി 8ന് സഭ തുടങ്ങും. 15നാകും ബഡ്ജറ്റ്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങിയേക്കും. അത് മുന്നിൽ കണ്ടാണിത്.
യുവാക്കൾക്ക് കൂടുതൽ ഉൗന്നൽ നൽകിക്കൊണ്ടുള്ള ബഡ്ജറ്റാണ് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. വികസനത്തിന് പ്രാധാന്യം നൽകും. സംസ്ഥാനസർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളവർദ്ധന പ്രഖ്യാപിക്കും. കുറഞ്ഞ സാമൂഹ്യക്ഷേമ, സുരക്ഷാപെൻഷനുകൾ 1500രൂപയാക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ വ്യവസായ, വാണിജ്യ, തൊഴിൽ വിഭാഗങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും കൊവിഡിൽ നിന്ന് കരകയറുന്നതിനുള്ള പുനരുജ്ജീവന പാക്കേജുകളും അത് നടപ്പാക്കുന്നതിന് വീണ്ടും ഭരണത്തിനുള്ള അവസരവും അഭ്യർത്ഥിച്ചായിരിക്കും ബഡ്ജറ്റ്.
കൊവിഡ് സാഹചര്യത്തിൽ വ്യവസായികൾ, വ്യാപാരികൾ, വിവിധ തൊഴിൽ വിഭാഗങ്ങൾ, സർവ്വീസ് സംഘടനാഭാരവാഹികൾ തുടങ്ങിയവരുമായി ഒാൺലൈനായി ബഡ്ജറ്റ് നിർദ്ദേശങ്ങൾക്കായി ചർച്ച നടത്തുന്നുണ്ട്.
സർക്കാരിന് നാലുമാസമാണ് ശേഷിക്കുന്നത്. മാർച്ചിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനവും പെരുമാറ്റച്ചട്ടവും നിലവിൽ വന്നാലും പൂർണ്ണബഡ്ജറ്റ് തന്നെ അവതരിപ്പിക്കാനാണ് തീരുമാനം. ഇതോടൊപ്പം നാലുമാസത്തെ വോട്ട് ഒാൺ അക്കൗണ്ടും സഭ പാസാക്കും. കൊവിഡ് മൂലം സർക്കാരിന്റെ വരുമാനത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. വായ്പാബാധ്യതകളും വർദ്ധിച്ചു. സാമൂഹ്യ, സുരക്ഷാമേഖലകൾക്കായി വൻ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതെല്ലാം ഉൾപ്പെടുത്തി വിശദമായ എക്സ്പെൻഡിച്ചർ റിപ്പോർട്ടും ബഡ്ജറ്റിനൊപ്പം വിതരണം ചെയ്യും. ഡോ. തോമസ് ഐസക്കിന്റെ 12-ാമത്തെ ബഡ്ജറ്റാണിത്.