
വർക്കല: മരച്ചില്ലകളിൽ കൂടൊരുക്കാൻ പണ്ടൊക്കെ കിളികൾ ആശ്രയിച്ചിരുന്നത് പ്രകൃതിയിൽ നിന്നും കിട്ടുന്ന പാഴ് വസ്തുക്കളായ ചുള്ളിക്കമ്പുകളും ഇലകളും ചകിരിയുമൊക്കെയായിരുന്നു. എന്നാൽ ഇപ്പോൾ കൂടൊരുക്കാൻ കിളികൾ പ്ലാസ്റ്റിക് പാഴ് വസ്തുക്കളെ തേടിതുടങ്ങിയിരിക്കുന്നു. ശനിയാഴ്ച രാവിലെ മുതൽ വർക്കലയിൽ ആഞ്ഞുവീശിയ കാറ്റിൽ മരങ്ങളും മരക്കൊമ്പുകളും വാഴ, മരച്ചീനി തുടങ്ങിയ കാർഷികവിളകളും ധാരാളമായ ഒടിഞ്ഞു വീഴുകയുണ്ടായി. കൂട്ടത്തിൽ ചാവർകോട് റിട്ട. അദ്ധ്യാപകൻ ബി. പൃഥ്വിരാജിന്റെ വീട്ടുമുറ്റത്തെ പ്ലാവിൻകൊമ്പിൽ നിന്നും ഒരു കിളിക്കൂടും താഴെ വീണു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളോ മുട്ടകളോ ഉണ്ടാവുമെന്ന ആശങ്കയോടെ മുറ്റത്ത് വീണ കിളിക്കൂട് നോക്കിയ പൃഥ്വിരാജ് കണ്ടത് പ്ലാസ്റ്റിക് കൊണ്ടുളള നാരുകളും വള്ളികളുമൊക്കെ ഉപയോഗിച്ച് നിർമ്മിച്ച കിളിക്കൂടാണ്. മഞ്ഞയും വെള്ളയും റോസും നിറത്തിലുളള പ്ലാസ്റ്റിക് വള്ളികളാണധികവും. കൂടൊരുക്കാൻ പ്ലാസ്റ്റിക്കിനെ പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടിന്റെ വാസ്തുവിദ്യക്ക് മാറ്റമൊന്നുമില്ല. കിളികളും മനുഷ്യരെപ്പോലെ പ്ലാസ്റ്റിക് യുഗത്തിലേക്ക് കടന്നത് അല്പമൊരാശങ്കയോടെയാണ് പരിസ്ഥിതിപ്രവർത്തകൻ കൂടിയായ പൃഥ്വിരാജ് പങ്കുവയ്ക്കുന്നത്.