തിരുവനന്തപുരം: നഗരത്തിന്റെ ചുമതല വഹിക്കാൻ അധികാരമേൽക്കുന്ന കന്നിയങ്കക്കാർക്കൊപ്പം സത്യവാചകം ചൊല്ലാൻ മുൻ കൗൺസിലർമാരുടെ നീണ്ടനിരയും. പ്രവർത്തി പരിചയംകൊണ്ട് ഒരുപടി മുന്നിൽ നിൽക്കുന്ന ഇവരാകും പുതുമുഖങ്ങൾക്ക് അടവുകളും അഭ്യാസവും പറഞ്ഞുകൊടുക്കുക. കഴിഞ്ഞതവണ കൗൺസിലിലുണ്ടായിരുന്നവരും അതിന് മുമ്പുണ്ടായിരുന്നവരും ഇത്തവണ തിരഞ്ഞെടുപ്പ് പരീക്ഷ ജയിച്ച് ഹാജർ വച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ വോട്ടുനില മെച്ചപ്പെടുത്തി എത്തിയവരും കഷ്ടിച്ച് തടി രക്ഷപ്പെടുത്തിയവരുമുണ്ട്. തുടർച്ചയായി ജയിച്ച മുതിർന്നവരെ മാറ്റിനിറുത്തിയാൽ 2010ൽ കൗൺസിലിലെ 13 പേരും 2015ലെ കൗൺസിലിലുണ്ടായിരുന്ന 13 പേരും ഇത്തവണ വീണ്ടും ജയിച്ചെത്തി. ഈ രണ്ട് കൗൺസിലിലും അംഗമായിരുന്ന രണ്ടുപേർ മൂന്നാം തവണയും ജനപ്രതിനിധികളായി. ബി.ജെ.പി പ്രതിനിധികളായ എം.ആർ. ഗോപനും ഷീജ മധുവുമാണ് കഴിഞ്ഞ രണ്ട് കൗൺസിലിലും ഉണ്ടായിരുന്നത്. കഴിഞ്ഞ കൗൺസിലിലെ 13ൽ പത്തുപേരും ബി.ജെ.പിക്കാരാണ്. മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉൾപ്പടെ മൂന്ന് എൽ.ഡി.എഫ് കൗൺസിലർമാരും ജയിച്ചു. ബി.ജെ.പി നേതാക്കളായ കരമന അജിത്, തിരുമല അനിൽ, ഗിരികുമാർ എന്നിവരെല്ലാം വീണ്ടും ജയിച്ചിട്ടുണ്ട്. 2010ലെ 13 പേരിൽ മുൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്യംകുമാർ, വനജ രജേന്ദ്രബാബു എന്നിവരുമുണ്ട്. യു.ഡി.എഫിന്റെ പത്ത് കൗൺസിലർമാരിൽ അഞ്ചുപേരും 2010ൽ കൗൺസിലർമാരായിരുന്നവരാണ്. ബി.ജെ.പിയിൽ നിന്നും രണ്ട് പേരും എൽ.ഡി.എഫിൽ നിന്നുള്ള ആറു പേരും ഈ പട്ടികയിലുണ്ട്. എൽ.ഡി.എഫിന്റെ മുൻ കൗൺസിലറായിരുന്ന ആർ.എസ്.പിയിലെ ശ്യാംകുമാർ നാലാം തവണ യു.ഡി.എഫിന്റെ ബാനറിലാണ് കൗൺസിലിൽ എത്തുന്നത്. തൈക്കാട് നിന്നുള്ള യു.ഡി.എഫ് അംഗമായിരുന്ന മാധവദാസ് ഇത്തവണ സി.പി.എം കൗൺസിലറാണ്. കാട്ടായിക്കോണത്തെ ഡി. രമേശൻ കഴക്കൂട്ടം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്നു. പാതിരപ്പള്ളിയിലെ എം.എസ്. കസ്‌തൂരി മുൻ പഞ്ചായത്തംഗവും കൗൺസിലറുമായിരുന്നു.