
തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നാണ് ചടങ്ങ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടത്തുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ അതതു വരണാധികാരികളാണ് ആദ്യ അംഗത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. ഓരോ അംഗത്തിന്റെ താത്പര്യമനുസരിച്ച് ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ, ദൃഢ പ്രതിജ്ഞയോ ആകും ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകൂടിയ അംഗത്തെയാണ് വരണാധികാരികൾ ആദ്യം പ്രതിജ്ഞയെടുപ്പിക്കുന്നത്. തുടർന്ന് മറ്റ് അംഗങ്ങൾക്ക് ഈ അംഗം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് ചുമതല ഏൽപ്പിക്കും.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം ചേരും. ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അദ്ധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. ഈ യോഗത്തിൽ പഞ്ചായത്തുകളിലേക്ക് പ്രസിഡന്റ്, മുനിസിപ്പാലിറ്റികളിലേക്ക് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് വായിക്കും. ശേഷം യോഗം പിരിയും .
അംഗത്തിനൊപ്പം ഒരാൾ മാത്രം
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാർട്ടിയിലെ അംഗമോ ആയ ഒരാളെ മാത്രമേ കൗൺസിൽ ഹാളിലേക്ക് പ്രവേശിപ്പിക്കൂ. ഹാളിൽ സാമൂഹിക അകലം പാലിച്ചാണ് കസേരകൾ ക്രമീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന മുഴുവൻപേർക്കും മാസ്ക് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ നിർബന്ധമാണ്. അധികാരമേൽക്കൽ ചടങ്ങ് നടക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്ത് ആൾക്കൂട്ടമോ കൂട്ടംകൂടിയുള്ള മറ്റ് ആഘോഷ പരിപാടികളോ പാടില്ലെന്ന് കളക്ടർ അറിയിച്ചു.
മുനിസിപ്പാലിറ്റികളിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നവർ
നെയ്യാറ്റിൻകര - അസിസ്റ്റന്റ് ഡയറക്ടർ, സർവെ ആൻഡ് ലാൻഡ് റെക്കാഡ്സ് (റീസർവെ) നെയ്യാറ്റിൻകര
നെടുമങ്ങാട് -ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ്, തിരുവനന്തപുരം
ആറ്റിങ്ങൽ -ജനറൽ മാനേജർ, ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്റർ, തിരുവനന്തപുരം
വർക്കല - ഡെപ്യൂട്ടി കളക്ടർ(ആർ.ആർ) കളക്ടറേറ്റ്, തിരുവനന്തപുരം
ത്രിതല പഞ്ചായത്തുകളിൽ അതതു വരണാധികാരികളാണ് ചടങ്ങുകൾ നടത്തുന്നത്
അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് 28നും 30നും
മുനിസിപ്പാലിറ്റികളിലെ ചെയർമാൻ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11നും വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് 30നു രാവിലെ 11നും വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2നും നടക്കും.