dg

തിരുവനന്തപുരം: ഈ വർഷത്തെ വെക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാക്കി. ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ എന്നിവയുടെ സഹകരണത്തോടെ ഹയർസെക്കൻഡറി പരീക്ഷാവിഭാഗമാണ് ഈ സൗകര്യമൊരുക്കിയത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു.

https://digilocker.gov.in ലൂടെ മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റിലെ sign up ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി കൊടുത്ത ശേഷം യൂസർ നെയിമും പാസ്‌വേഡും നൽകി ആധാർ നമ്പർ ലിങ്ക് ചെയ്യണം.

സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്ത ശേഷം 'get issued documents' ബട്ടണിൽ ക്ലിക്ക് ചെയ്യണം. ശേഷം 'education' എന്ന സെക്ഷനിൽ നിന്ന് 'Board of Vocational Higher Secondary Examinations' തിരഞ്ഞെടുക്കുക. തുടർന്ന് 'Vocational Higher Secondary' തിരഞ്ഞെടുത്ത് വർഷവും രജിസ്റ്റർ നമ്പരും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ചാൽ സർട്ടിഫിക്കറ്റ് ലഭ്യമാകും.സംശയങ്ങൾക്ക് ഐ.ടി മിഷന്റെ സിറ്റിസൺ കോൾ സെന്ററിലെ 1800 4251 1800 (ടോൾ ഫ്രീ), 155300 (ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിൽ നിന്ന്), 0471 233 5523 (മറ്റ് നെറ്റ്‌വർക്കുകൾ) നമ്പറുകളിൽ വിളിക്കാം.