
തിരുവനന്തപുരം: കോഴിക്കോട്ട് പുലർച്ചെ വോട്ടെടുപ്പിന് ബൂത്തിലേക്ക് പോയ സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തിയ സംഭവമടക്കം സംസ്ഥാനത്ത് ഒരുകൊല്ലത്തിനിടെ വന്യ മൃഗങ്ങളുടെ ആക്രമണം മൂലം പരിക്കേറ്റത് 694 പേർക്ക്. ഇക്കാലയളവിൽ 102 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും കണക്കുകൾ പറയുന്നു.
നാട്ടിലിറങ്ങി വന്യമൃഗങ്ങൾ നടത്തുന്ന താണ്ഡവം തുടർച്ചയായതോടെ ഒരു വർഷത്തിനിടെ വനം വകുപ്പ് നഷ്ടപരിഹാരമായി നൽകിയത് 9.30 കോടി രൂപ.
വനാതിർത്തി മേഖലകളിൽ വന്യമൃഗങ്ങൾ നടത്തുന്ന ആക്രമണം വളരെക്കാലം മുതൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നഗരാതിർത്തി വരെയെത്തി കാട്ടുപന്നികളും കുരങ്ങുകളും ആക്രമണവും കൃഷിനാശവും വരുത്തുകയാണ്. വനാതിർത്തി മേഖലയിൽ കാട്ടാനകളുടെ ആക്രമണം സ്ഥിരമാണ്. മഴക്കാലത്താണ് സാധാരണയായി കാട്ടാനകൾ ആദിവാസി മേഖലകളിൽ എത്തുന്നത്. ഈ സമയങ്ങളിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടാകുന്നത്. കാട്ടുപന്നികൾ സ്ഥിരമായി വനത്തിന് പുറത്ത് തമ്പടിച്ചതോടെ വനാതിർത്തി ഗ്രാമങ്ങളിൽ മാത്രമല്ല, നഗരാതിർത്തി പ്രദേശങ്ങളിൽ വരെ ആക്രമണം തുടർക്കഥയായിട്ടുണ്ട്. കാട്ടുപന്നി ആക്രമണം പതിവായതോടെ ഇവയെ വെർമിൻ ആയി പ്രഖ്യാപിക്കാൻ സംസ്ഥാനം അപേക്ഷ സമർച്ചെങ്കിലും ഇക്കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അഭിപ്രായം രേഖപ്പെടുത്താത്തതിനാൽ കേന്ദ്രം മടക്കിയിരുന്നു. പാമ്പ് കടിയേറ്റുണ്ടാകുന്ന മരണവും വന്യമൃഗ ആക്രമണത്തിന്റെ പരിധിയിൽ വരുന്നതിനാൽ അവയ്‌ക്കും നഷ്ടപരിഹാരം അനുവദിക്കുന്നുണ്ട്.
വന്യ മൃഗാക്രമണകേസുകളും അനുവദിച്ച നഷ്ടപരിഹാര തുകയും
മരണം : 102 - 2,21,70,000
പരിക്കേറ്റവർ : 694 - 2,15,82,486
കന്നുകാലിനഷ്ടം : 330 - 71,73,576
വിളനാശം : 5733 - 4,20,80,392
ആകെ കേസുകൾ : 6859 - 9,30,06,454
നഷ്ടപരിഹാരം ഇങ്ങനെ
മരണം സംഭവിച്ചാൽ -10 ലക്ഷം
സ്ഥിരമായ അംഗഭംഗം സംഭവിച്ചാൽ -2 ലക്ഷം
കൃഷി ,വളർത്തുമൃഗം,വീട് എന്നിവയ്‌ക്കുണ്ടാകുന്ന നഷ്ടത്തിന് - പരമാവധി 1 ലക്ഷം വരെ
പരിക്ക് പറ്റുന്നവർക്ക് ആശുപത്രി ചെലവ് -പരമാവധി 1 ലക്ഷം ( ആദിവാസികൾക്ക് ചികിത്സ ചെലവ് സൗജന്യം )
സംസ്ഥാനത്തെവിടെയും പാമ്പുകടിയേറ്റുണ്ടാകുന്ന മരണത്തിന് - 2 ലക്ഷം