
തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സ്കൂളുകൾക്കും അദ്ധ്യാപകർക്കുമായുള്ള മാർഗരേഖ ഉടൻ പുറപ്പെടുവിക്കും.
ജനുവരി ഒന്ന് മുതൽ സ്കൂളിലെത്തേണ്ട അദ്ധ്യാപകരുടെ എണ്ണം, 10, 12 ക്ലാസിലെ കുട്ടികൾ സ്കൂളിലെത്തേണ്ട ക്രമം. സ്കൂൾതലത്തിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾ, പഠനരീതികൾ തുടങ്ങിയ കാര്യങ്ങൾ മാർഗരേഖയിലുണ്ടാകും. നിർദേശങ്ങളുടെ കരട് രൂപം തയ്യാറായിട്ടുണ്ട്. നാല് ദിവസത്തിനുള്ളിൽ മാർഗരേഖയുടെ അന്തിമരൂപം സ്കൂളുകൾക്ക് നൽകും.
ഓരോ വിഷയത്തിലും ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ നിശ്ചയിക്കാനും വിലയിരുത്താനും എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് അന്തിമരൂപം നൽകാൻ 23ന് വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇതിന് ശേഷം ടൈംടേബിൾ ഉൾപ്പെടെയുള്ള പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിക്കും. പരീക്ഷയുടെ ആരംഭത്തിലുള്ള കൂൾ ഓഫ് ടൈം (സമാശ്വാസ സമയം) 15 മിനിറ്റിൽ നിന്ന് അഞ്ചോ പത്തോ മിനിറ്റ് വർദ്ധിപ്പിക്കുന്നതും പരിഗണിക്കും.
കഴിഞ്ഞ ദിവസം ചേർന്ന ക്യു.ഐ.പി (ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ കരട് ടൈംടേബിൾ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം മാർച്ച് 17 ഒന്നാം ഭാഷ പാർട് ഒന്ന്, 18 രണ്ടാം ഭാഷ ഇംഗ്ലീഷ്, 19 മൂന്നാം ഭാഷ ഹിന്ദി, 22 സോഷ്യൽ സയൻസ്, 23 ഒന്നാം ഭാഷ പാർട് രണ്ട്, 24 ഫിസിക്‌സ്, 25 കെമിസ്ട്രി, 29 മാത്‌സ്, 30 ബയോളജി എന്നിങ്ങനെയായിരിക്കും പരീക്ഷ. ടൈംടേബിളിൽ മാറ്റം വരാം.