mamta

കൊൽക്കത്ത:രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ച് കൊവിഡ് വ്യാപനം അവസാനിച്ചശേഷം ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബംഗാളിലെ ഭോലാപ്പൂരിൽ ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി, പൗരത്വ രജിസ്റ്റർ നിയമങ്ങളിലെ വ്യവസ്ഥകൾ അന്തിമരൂപമായിട്ടില്ല.

കൊവിഡ് മൂലമാണ് നടപടികൾ നീണ്ടുപോകുന്നത്.

എന്റെ ജീവിതത്തിൽ ഇതുപോലൊരു റോഡ് ഷോ കണ്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ബംഗാളിനുള്ള സ്നേഹവും വിശ്വാസവുമാണിത് തെളിയിക്കുന്നത്. മമതയോട് ജനങ്ങൾക്കുള്ള ദേഷ്യമാണ് കാണുന്നത്. വൻ അഴിമതിയും അക്രമവുമാണ് ബംഗാളിൽ. തൃണമൂലും ഇടതുപക്ഷവും ചേർന്ന് ബംഗാളിനെ പരാജയപ്പെട്ട സംസ്ഥാനമാക്കി. ഒരു തവണ മോദിക്ക് അവസരം നൽകൂ. അഞ്ചു വർഷം കൊണ്ട് പ്രതാപം വീണ്ടെടുത്ത് ബംഗാളിനെ സുവർണ ബംഗാളാക്കി മാറ്റും. തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇരുന്നൂറിലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്രനാഥ് ടാഗോറിന്റെ വിശ്വഭാരതി സർവകലാശാല സന്ദർശിച്ചുകൊണ്ടാണ് പര്യടനത്തിന്റെ രണ്ടാം ദിവസം ഷാ തുടങ്ങിയത്. തുടർന്ന് നാടോടി ഗായകന്റെ വീട്ടിലെത്തി ഉച്ചയൂണ് കഴിച്ചു.

കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന സുവേന്ദു അധികാരിയിലൂടെ തൃണമൂലിൽ നിന്ന് കൂടുതൽ എം.എൽ.എമാരെ പാർട്ടിയിൽ എത്തിക്കാനാണ് ശ്രമം. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ സുവേന്ദുവിനോട് ഡൽഹിയിലെത്താൻ അമിത് ഷാ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് വരെ എല്ലാ മാസവും ഷായുടെ ബംഗാൾ സന്ദർശനമുണ്ടാകുമെന്ന് ബി.ജെ.പി വൃത്തങ്ങൾ പറ‍ഞ്ഞു.

മമതയെ കടന്നാക്രമിച്ച് ഷാ

ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിനെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഷാ ആഞ്ഞടിച്ചു. നദ്ദയ്ക്കെതിരെയുള്ള ആക്രമണം ജനാധിപത്യത്തെ വെല്ലുവിളിക്കലാണ്. പൂർണ ഉത്തരവാദിത്വം ബംഗാൾ സർക്കാരിനാണ്. സുരക്ഷാവീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനുള്ള എല്ലാ അധികാരവും കേന്ദ്രത്തിനുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.

ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഫെഡറൽ തത്വങ്ങൾ മറന്ന് സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് മേൽ കേന്ദ്രം കടന്നുകയറുകയാണ്.

- മമത ബാനർജിയുടെ ട്വീറ്റ്