
തിരുവനന്തപുരം: കൊച്ചിയിലും തിരുവനന്തപുരത്തും ഐ.ജി റാങ്കിലുള്ളവരെ മാറ്റി സിറ്റി പൊലീസ് കമ്മിഷണർമാരായി ഡി.ഐ.ജി റാങ്കിലുള്ളവരെ നിയമിക്കും. അടുത്ത മാസം മുതൽ ഇതു നടപ്പാക്കിയേക്കും. തിരുവനന്തുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗുരുദിൻ, ആംഡ് ബറ്റാലിയൻ ഡി.ഐ.ജി പി. പ്രകാശ്, ഭീകരവിരുദ്ധ സ്ക്വഡ് ഡി.ഐ.ജി അനൂപ് കുരുവിള ജോൺ, കൊച്ചി ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാർ എന്നവരാണ് രണ്ടിടത്തും കമ്മിഷണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പൊലീസ് കമ്മിഷണർമാർക്കു മജിസ്റ്റീരിയൽ അധികാരമുള്ള മെട്രോപ്പൊലിറ്റൻ പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിച്ചതിന്റെ ഭാഗമായാണു കഴിഞ്ഞ വർഷം ജൂണിൽ തിരുവനന്തപുരത്തും കൊച്ചിയിലും ഐ.ജിയെ നിയമിച്ചത്. ഐ.ജി റാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥരെ കമ്മിഷണർമാരായി നിലനിറുത്തുന്നതിൽ അർത്ഥമില്ലെന്നും ഒഴിവാക്കുന്നതാണ് ഉചിതമെന്നുമാണ് ആഭ്യന്തര വകുപ്പിനു ലഭിച്ച റിപ്പോർട്ട്.
തലസ്ഥാനത്തും കൊച്ചിയിലും ഐ.ജിമാരെ നിയമിച്ചതോടെ, റേഞ്ചുകളിൽ ഐ.ജിമാർക്കു പകരം ഡി.ഐ.ജിമാരെ നിയമിച്ചിരുന്നു. ഇതിന്റെ പേരിലും ഉദ്യോഗസ്ഥർക്കിടയിൽ ഭരണപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിലും മാറ്റം വരും. റേഞ്ചുകളിൽ ഐ.ജിമാരെ നിയമിക്കും.